നൂർ സുൽത്താൻ: ഇന്ധന വിലവർധനയ്ക്കെതിരായ രാജ്യത്തെ പ്രക്ഷോഭം അക്രമാസക്തമായതോടെ കസാഖ്സ്താൻ സർക്കാർ രാജിവെച്ചു. പ്രക്ഷോഭകർ സർക്കാർ കെട്ടിടങ്ങൾക്ക് തീയിടുകയും വ്യാപക അതിക്രമങ്ങൾ നടത്തുകയും ചെയ്ത പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തും പ്രധാനനഗരങ്ങളിലും പ്രവിശ്യകളിലും ബുധനാഴ്ച പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കമാണ് അസ്കർ മാമിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രസിഡന്റ് ഖാസിം ജൊമാർട്ട് തൊകയേവിന് രാജിസമർപ്പിച്ചത്.
രാജി സ്വീകരിച്ച പ്രസിഡന്റ് അലിഖൻ സ്മെയ്ലോവിനെ താത്കാലിക പ്രധാനമന്ത്രിയായി നിയോഗിച്ചു. ഇന്ധനവില കുറയ്ക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നാണ്ടാകുമെന്നും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. സർക്കാർ രാജിവെച്ചിട്ടും പ്രക്ഷോഭങ്ങൾക്ക് അയവായിട്ടില്ല. ബുധനാഴ്ച പ്രക്ഷോഭകർ കസാഖ്സ്താനിലെ പ്രധാനനഗരമായ അൽമാറ്റിയിലെ മേയറുടെ ഓഫീസിന് തീയിട്ടു.
അടിയന്തരാവസ്ഥ മറികടന്ന് ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. മൊബൈൽ ഇന്റർനെറ്റും മെസേജിങ് ആപ്പുകളും സർക്കാർ നിയന്ത്രിച്ചിരുന്നു. ഷിംകെന്റ്, തരാസ് മേഖലകളിലെ സർക്കാർ കെട്ടിടങ്ങൾക്കുനേരെ ആക്രമണങ്ങുണ്ടായി. 95 പോലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റു. 200-ഓളം പേരെ പോലീസ് പിടികൂടിയിട്ടുമുണ്ട്. തലസ്ഥാനമായ നൂർ സുൽത്താനിൽ രണ്ടാഴ്ചത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
എണ്ണസമൃദ്ധമായ കസാഖ്സ്താനിൽ സമീപകാലങ്ങളിലൊന്നും ഇത്തരം പ്രക്ഷോഭങ്ങളുണ്ടായിട്ടില്ല. പ്രതിഷേധങ്ങൾ വെളിച്ചത്തുവരാതെ നിയന്ത്രിച്ചുകൊണ്ടുപോകുന്നതിൽ സർക്കാരും വിജയിച്ചിരുന്നു. എന്നാൽ, പുതുവത്സരത്തിൽ എൽ.പി.ജി.യുടെ വില ഏകദേശം ഇരട്ടിയായി വർധിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനം. ഭൂരിഭാഗവും ആളുകളും എൽ.പി.ജി. കാർ ഉപയോഗിക്കുന്ന പടിഞ്ഞാറൻ മേഖലയിലാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.