ന്യൂയോര്‍ക്ക്: വിമാന യാത്രയ്ക്കിടെ പാതിവഴിയില്‍ കൊറോണ പോസിറ്റിവ് ആയ യുവതി മൂന്നു മണിക്കൂറിലേറെ കഴിച്ചുകൂട്ടിയത് ടൊയ്ലറ്റില്‍. ചിക്കാഗോയില്‍ നിന്ന് ഐസ്ലാന്‍ഡിലേക്കു പോയ വിമാനത്തിലാണ് അസാധാരണ സംഭവം അരങ്ങേറിയത്.
മിഷിഗണില്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന മരിസ ഫോടിയോയാണ് യാത്രയ്ക്കിടെ കൊറോണ ബാധിതയാണെന്ന് കണ്ടെത്തിയത്. യാത്രയ്ക്കു മുമ്പ് നടത്തിയ പരിശോധനകളിലെല്ലാം നെഗറ്റിവ് ആയിരുന്നെന്ന് മരിസ പറഞ്ഞു.
യാത്രയ്ക്കു മുമ്പുള്ള ദിവസങ്ങളില്‍ രണ്ടു പിസിആര്‍ പരിശോധനയും അഞ്ച് റാപ്പിഡ് ടെസ്റ്റും നടത്തിയിരുന്നു. താന്‍ രണ്ടു ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചതാണ്. എന്നാല്‍ വാക്സിന് എടുക്കാത്തവര്‍ക്കിടയില്‍ ജോലി ചെയ്യുന്നതുകൊണ്ടാണ് ഇടയ്ക്കിടെ പരിശോധന നടത്തുന്നത്.
വിമാനം കയറുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് തൊണ്ടയില്‍ അസ്വസ്ഥത തോന്നിയിരുന്നതായി മരിസ പറഞ്ഞു. യാത്ര തുടങ്ങിയ ശേഷം അത് കൂടി. തുടര്‍ന്നാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. അതിനായി വിമാനത്തിന്റെ ടൊയ്ലറ്റിലേക്കു പോയി. പോസിറ്റിവ് ആണെന്നു കണ്ടപ്പോള്‍ ആകെ പരിഭ്രമിച്ചതായി മരിസ പറഞ്ഞു.
കുറച്ചു മുമ്പ് കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതാണ്. അതൊക്കെ ഓര്‍ത്തപ്പോള്‍ പരിഭ്രമമായി. കൂടെയുള്ള യാത്രക്കാരെയും ഓര്‍ത്തു. ഉടന്‍ തന്നെ ഫ്ലൈറ്റ് അറ്റന്‍ഡന്റിനെ വിവരം അറിയിച്ചു. സീറ്റ് മാറ്റിയിരുത്താനാണ് അറ്റന്‍ഡന്റ് ആദ്യം ശ്രമിച്ചത്. എന്നാല്‍ എല്ലാ സീറ്റിലും യാത്രക്കാരുണ്ടായിരുന്നതിനാല്‍ അതു നടന്നില്ല.
ശേഷിച്ച യാത്രയുടെ സമയം മുഴുവന്‍ ടൊയ്ലറ്റില്‍ തന്നെ തുടരാന്‍ മരിസ തീരുമാനിക്കുകയായിരുന്നു. ഐസ്ലാന്ഡില് ഇറങ്ങിയ ശേഷം വീണ്ടും പരിശോധന നടത്തി പോസിറ്റിവ് ആണെന്ന് ഉറപ്പിച്ചു. കുടുംബാംഗങ്ങള്‍ നെഗറ്റിവ് ആയിരുന്നു. അവര്‍ യാത്ര തുടര്‍ന്നു. മരിസ ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈനില്‍ ആണ്.