ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദം ‘ഒമിക്രോണ്‍’ ബ്രിട്ടണിൽ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ട് യാത്രക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ‘ഒമിക്രോണ്‍’ വകഭേദം കണ്ടെത്തിയത്.
പുതിയ വൈറസ് വകഭേദം കണ്ടെത്തപ്പെട്ടതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങളാകെയും. യാത്രാനിയന്ത്രണങ്ങളാണ് മിക്ക രാജ്യങ്ങളും ആദ്യപടിയെന്നോണം കൈക്കൊള്ളുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പ്രധാനമായും നിയന്ത്രണം.
ഇന്ത്യയും ഈ സാഹചര്യത്തില്‍ ജാഗ്രതയിലാണ്. അതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബ്രിട്ടണിൽ പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇനി സ്ഥിതിഗതികള്‍ കുറെക്കൂടി മോശമായേക്കുമെന്നാണ് സൂചന.
ബ്രിട്ടണിൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട രണ്ട് പേരെയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരുമായി ബന്ധപ്പെട്ടവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഇതിനിടെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലാന്‍ഡ്സിലേക്ക് എത്തിയ വിമാനയാത്രക്കാരില്‍ 61 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് നെതര്‍ലാന്‍ഡ്സില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവരില്‍ ആരിലെങ്കിലും ‘ഒമിക്രോണ്‍’ സാന്നിധ്യം ഉണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്.
രോഗവ്യാപനം അതിവേഗമാക്കാനും ചുരുങ്ങിയ സമയംകൊണ്ട് ഘടനാപരമായി മാറാനുമെല്ലാം കഴിവുള്ള വകഭേദമാണ് ‘ഒമിക്രോണ്‍’. ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ഇസ്രയേല്‍, ബെല്‍ജിയം, ബോട്സ്വാന, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ‘ഒമിക്രോണ്‍’ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ ഈ പട്ടികയിലേക്ക് ബ്രിട്ടൺ കൂടിയെത്തിയിരിക്കുന്നു.