ബെർലിൻ: ജർമനിയിൽ വീണ്ടും കൊറോണ വ്യാപിക്കുന്നു. മരണം ഒരു ലക്ഷം കടന്നു. വ്യാഴാഴ്ചത്തെ ഔദ്യോഗിക കണക്കുപ്രകാരം 75,961 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. 351 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,00,119 ആയി.
യൂറോപ്പിൽ മുമ്പ് റഷ്യ, യു.കെ., ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് ഒരു ലക്ഷത്തിൽ കൂടുതൽ കൊറോണ മരണം റിപ്പോർട്ടുചെയ്തത്. ജർമനിയിൽ ഇതുവരെ 55 ലക്ഷം പേർക്ക് കൊറോണ ബാധിച്ചതായും മരണനിരക്ക് 0.8 ശതമാനമാണെന്നും കൊറോണ ഡേറ്റ വിശകലനംചെയ്യുന്ന ഫെഡറൽ ഏജൻസിയായ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ചിലപ്രദേശങ്ങളിൽ പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ ജർമനിയിൽ ആശുപത്രികളിൽ അടിസ്ഥാനസൗകര്യങ്ങൾ കുറവാണെന്നും അതിനാൽ വേണ്ട മുൻകരുതൽ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ കൂടുതൽ മരണങ്ങൾ ഉണ്ടാകുമെന്നും പകർച്ചവ്യാധി വിദഗ്ധർ മുന്നറിയിപ്പുനൽകി.
കൊറോണ അടിയന്തരസാഹചര്യം വിലയിരുത്താനും നടപടികൾ കൈക്കൊള്ളാനുമായി വിദഗ്ധരെ ഉൾപ്പെടുത്തി ഒരുസംഘത്തെ സർക്കാർ ബുധനാഴ്ച നിയോഗിച്ചു. ആശുപത്രികളിൽ രോഗികൾക്ക് കിടത്തിച്ചികിത്സയ്ക്ക് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഏത് അടിയന്തരസാഹചര്യവും നേരിടാൻ ഒരുങ്ങണമെന്നും ആരോഗ്യവിദഗ്ധർക്ക് നിർദേശം നൽകി.
അയൽരാജ്യമായ ഓസ്ട്രിയയെപോലെ ദേശീയ ലോക് ഡൗൺ ഒഴിവാക്കണമെങ്കിൽ കർശനമായ പ്രാദേശികനിയന്ത്രണങ്ങൾ ആവശ്യമായി വരുമെന്ന് ഭരണകക്ഷിപാർട്ടിയായ എഫ്ഡിപി. നേതാവ് ക്രിസ്റ്റ്യൻ ലിൻഡ്നർ പറഞ്ഞു. വാക്സിൻ കൗണ്ടറുകളിലെ തിരക്കൊഴിവാക്കാൻ നടപടിയുണ്ടാകണമെന്നും കൊറോണ വ്യാപിക്കുന്ന സ്ഥലങ്ങളിൽ ബൂസ്റ്റർ ഡോസ് നൽകണമെന്നും പ്രതിപക്ഷപാർട്ടികൾ ആവശ്യപ്പെട്ടു. ജർമനിയിൽ ഇതുവരെ 68.1 ശതമാനം പേരാണ് വാക്സിൻ സ്വീകരിച്ചത്.