സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ കുറിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കെ ഇദ്ദേഹം പൊതു ചടങ്ങിൽ പങ്കെടുത്തതായി റിപോർട്ടുകൾ. പ്യോംഗ് യാംഗിലെ വളം നിർമാണ വ്യവസായ കേന്ദ്രം കിം ജോങ് ഉദ്ഘാടനം ചെയ്തതായി കൊറിയൻ സെൻട്രൽ -വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
ഏപ്രില്‍ 12 ന് ശേഷം ഇതാദ്യമായാണ് കിം പൊതുവേദിയിലെത്തുന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത കിമ്മിന്റെ ഫോട്ടോകളോ ദൃശ്യങ്ങളോ വാർത്ത ഏജൻസി ആദ്യം പുറത്തു വിട്ടിരുന്നില്ല. പിന്നീടാണ് കിം ജോങ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വിട്ടത്. സഹോദരി കിം യോ ജോങിനും രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് കിം ജോങ് ഉൻ ചടങ്ങിനെത്തിയതെന്നും കിമ്മിനെ കണ്ടതോടെ ജനങ്ങൾ ആഘോഷത്തോടെയാണ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കിം ജോങിന്റെ ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി നിലനിൽക്കുന്നത്. ഏപ്രിൽ 15 ന് കിമ്മിന്റെ മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളിൽ നിന്ന് കിം വിട്ടുനിന്നിരുന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
കിമ്മിന്റ ആരോഗ്യനനില ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഉത്തരകൊറിയ കിമ്മിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിരുന്നില്ല.
ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ 11ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല.