ഇസ്ലാമാബാദ്: പാകിസ്ഥാൻ ദേശീയ അസംബ്ലി സ്പീക്കർ ആസാദ് ഖൈസറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇസ്ലാമാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം അദ്ദേഹം തന്നെയാണ് വൈറസ് ബാധയെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.
അദ്ദേഹത്തിന്റെ രണ്ട് മക്കൾക്കും സഹോദരിക്കും ഭർത്താവിനു കൊറോണയുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതെ തുടർന്ന് ആസാദ് ഖൈസർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
അതേസമയം സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് ഖൈസർ തിങ്കളാഴ്ച വീട്ടിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
പാകിസ്ഥാനിൽ കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഉന്നത രാഷ്ട്രീയ നേതാവാണ് ആസാദ് ഖൈസർ. നേരത്തെ സിന്ധ് ഗവർണർ ഇമ്രാൻ ഇസ്മായിലിനും രോഗം സ്ഥിരീകരിച്ചിരുന്നു.
പാകിസ്ഥാനിൽ 24 മണിക്കൂറിനിടെ 990 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 24 പേർ മരിക്കുകയും ചെയ്തതായി പാകിസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 385 ആയി.