കൽപ്പറ്റ : വ്യവസായി ബിആർ ഷെട്ടിയുമായി ജോയി അറയ്ക്കലിന് സാമ്പത്തിക ഇടപാടുകളില്ലെന്ന് സഹോദരന് ജോണി അറയ്ക്കല്‍. ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദുബായ് പോലീസിന്റെ കണ്ടെത്തൽ സഹോദരന് തള്ളി കളഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. ജോയിക്ക് സാമ്പത്തിക ബാധ്യതകളൊന്നുമുണ്ടായിരുന്നില്ല. ദുബായിലും കേരളത്തിലും മരണത്തെ സംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും. സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോണി വ്യക്തമാക്കി.
അതേ സമയം മരണത്തിൽ ക്രിമിനൽ ഗൂഢാലോചനയില്ലെന്നും സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് ദുബായ് പൊലീസിന്റെ കണ്ടെത്തല്‍.
വയനാട് മാനന്തവാടി സ്വദേശിയായ പ്രമുഖ വ്യവസായി ജോയി അറക്കൽ ഏപ്രിൽ 23 നാണ് ദുബായിൽ മരിച്ചത്. ബർദുബായിലെ ബിസിനസ് ബേ കെട്ടിടത്തിന്റെ 14 നിലയിൽ നിന്നും ചാടി ജീവനൊടുക്കിയതാണെന്നാണ് ദുബായ് പൊലീസ് വ്യക്തമാക്കിയത്.