ബെയ്ജിംഗ്: പറഞ്ഞു കേട്ടിട്ടേയുള്ളു സ്വര്‍ണ്ണാഭരണ വിഭൂഷിതയെന്ന്, സ്വർണ്ണ പ്രേമികളായ മലയാളികളെ പോലും അമ്പരപ്പിച്ച് ചൈനയിലെ ഒരു വധു കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടി. ഒന്നും രണ്ടുമല്ല 60 കിലോയിലധികം സ്വര്‍ണ്ണം ധരിച്ചാണ് ചൈനയിലെ ഹുബേ പ്രവിശ്യയില്‍ നിന്നുള്ള ഈ വധു വിവാഹത്തിനെത്തിയത്.
വിവാഹത്തിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വരന്റെ വീട്ടുകാരുടെ വിവാഹസമ്മാനമായിരുന്നു ഈ 60 കിലോ സ്വര്‍ണ്ണാഭരണം. സ്വര്‍ണ്ണത്തിന്റെ ഭാരം കൊണ്ട് നേരെ ചൊവ്വേ നടക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് വെളുത്ത വിവാഹ വസ്ത്രത്തില്‍ വധു വേദിയിലെത്തിയത്.
ഒരു കിലോഗ്രാം തൂക്കമുള്ള 60 സ്വര്‍ണ്ണ നെക്ളേസുകളാണ് വരന്റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയത്. ഇതിനു പുറമേ രണ്ടു കൈകളിലും രണ്ടു ഭീമന് വളകളും ഇട്ടിട്ടുണ്ടായിരുന്നു.
സ്വര്‍ണ്ണാഭരണ വിഭൂഷിതയായി വേദിയിലെത്തിയ വധുവിന്റെ പരിതാപകരമായ നില കണ്ട് സഹായിക്കാനായി പലരും മുന്നോട്ട് വന്നെങ്കിലും ഒരു ചിരിയോടെ വധു അവരെ വിലക്കുകയായിരുന്നു.