ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ (യു.എന്‍.ജി.എ) സ്വയം പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് തന്റെ പിതാവിനെ ചായക്കടയില്‍ സഹായിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് നാലാം തവണയാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ഒരു കാലത്ത് റെയില്‍വേ സ്റ്റേഷനിലെ ചായക്കടയില്‍ പിതാവിനെ സഹായിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നാലാം തവണ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്നതായി മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന ഒരു രാജ്യത്തെയാണ് താന്‍ പ്രതിനിധീകരിക്കുന്നത്. ഒരു വലിയ ജനാധിപത്യ പാരമ്പര്യം നമുക്കുണ്ട്. അത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വൈവിദ്ധ്യമാണ് രാജ്യത്തിന്റെ ശക്തമായ ജനാധിപത്യത്തിന്റെ സ്വത്വമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡസന്‍ കണക്കിന് ഭാഷകളും നൂറുകണക്കിന് ഭാഷാഭേദങ്ങളും വ്യത്യസ്ത ജീവിതശൈലികളും പാചകരീതികളും ഉള്ള ഒരു രാജ്യമാണിത്. ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊറോണ ബാധിച്ച് മരണമടഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. കൊറോണ വാക്സിനേഷനില്‍ ഇന്ത്യയുടെ നേട്ടവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് വാക്സിന് ഉത്പാദനത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചു.