വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭയായ കോണ്‍ഗ്രസ് ഇംപീച്ച് ചെയ്തു. അധികാര ധുര്‍വിനിയോഗം നടത്തി, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച് ചെയ്തത്. 435 സഭയില്‍ 431 പേരാണ് വോട്ട് ചെയ്തത്. അധികാര ധുര്‍വിനിയോഗം നടത്തിയെന്ന പ്രമേയത്തെ 219 ഡെമോക്രാറ്റിക് പ്രതിനിധികള്‍ അനുകൂലിച്ചു. 164 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ത്തു.
ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയെന്ന പ്രമേയത്തെ 229 പേര് അനുകൂലിച്ചു. 198 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി. ഇംപീച്ച്മെന്റ് പ്രമേയം പാസാക്കാന്‍ 216 വോട്ടുകളാണ് വേണ്ടിയിരുന്നത്. 10 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് പ്രമേയങ്ങള്‍ വോട്ടിനിട്ടത്.
അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റ് ആണ് ട്രംപ്. 1868ല്‍ ആന്‍ഡ്രു ജോണ്‍സനെയും 998ല്‍ ബില്‍ ക്ലിന്റനെയും അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച്മെന്റ് ചെയ്തിരുന്നു. അമേരിക്കയുടെ 45മത് പ്രസിഡന്റാണ് ട്രംപ്.
തനിക്കെതിരായ ഇംപീച്ച്മെന്റ് നടപടി അട്ടിമറിയുടെ ഭാഗമാണെന്ന് ട്രംപ് പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടില്ല. തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവില്ല. ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടിയാണെന്നും ട്രംപ് വ്യക്തമാക്കി.
ദേശസുരക്ഷക്കും തെരഞ്ഞെടുപ്പ് ഐക്യത്തിനും എതിരെ ട്രംപ് ഭീഷണി ഉയര്‍ത്തിയെന്നും സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കുന്ന നടപടിയാണ് ജനപ്രതിനിധി സഭ ഏറ്റെടുത്ത് വിജയിപ്പിച്ചതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയം ഉപരിസഭയായ അമേരിക്കന്‍ സെനറ്റിന്റെ പരിഗണനക്ക് വരും. സെനറ്റില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസായാല്‍ ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കും.