സൗദിയില്‍ സന്ദർശക വിസയിലെത്തിയവര്‍ കാലാവധി തീരും മുമ്പ് രാജ്യം വിട്ടുപോയില്ലെങ്കില്‍ നിയമനടപടി

റിയാദ്: സൗദിയില്‍ വിസിറ്റ് വിസയിലെത്തിയവര്‍ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിട്ടുപോയില്ലെങ്കില്‍ നിയമനടപടിയെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഫാമിലി വിസിറ്റ് വിസയിലെത്തിയവര്‍ നേരത്തെ ഒരു വര്‍ഷം വരെ പുതുക്കി നിന്നിരുന്നു.

അങ്ങനെയുള്ള പലരും മൂന്നു മാസത്തേക്ക് കൂടി പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ് രണ്ടാഴ്ചത്തേക്ക് മാത്രം പുതുക്കിക്കിട്ടിയതും അതുകഴിഞ്ഞാലുടന്‍ രാജ്യം വിടാന്‍ നിര്‍ദേശം ലഭിച്ചതും.

കൊറോണ മൂലം യാത്ര തടസപ്പെട്ട സാഹചര്യത്തില്‍ വിസിറ്റ് വിസ ഒരു വര്‍ഷത്തിന് മുകളിലേക്കും പുതുക്കി ലഭിച്ചിരുന്നു. രണ്ട് വര്‍ഷം വരെ ഇങ്ങനെ ലഭിച്ചവരുണ്ട്. ആറ് മാസത്തെക്കോ ഒരു വര്‍ഷത്തേക്കൊ വിസിറ്റ് വിസ എടുത്ത് വന്നവരാണ് ഇങ്ങനെയുള്ളവരെല്ലാം. ഇവരുടെ വിസ കാലാവധി കഴിഞ്ഞതിന് ശേഷവും മൂന്നുമാസം വെച്ച് നിരവധി തവണ പുതുക്കിയിരുന്നു.

വിസ പുതുക്കുന്നതിന് 100 റിയാല്‍ ഫീസും ഇന്‍ഷൂറന്‍സും മാത്രമാണ് ചെലവ് വന്നിരുന്നത്. ഇത് നിരവധി കുടുംബങ്ങള്‍ക്ക് അനുഗ്രഹമാകുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. ഇനി മുതല്‍ എത്ര കാലത്തേക്കാണോ സന്ദര്‍ശക വിസ എടുക്കുന്നത് അത്രകാലം മാത്രമേ നില്‍ക്കാന്‍ സാധിക്കൂ.