പഞ്ചശീർ പ്രവിശ്യ കീഴടക്കിയെന്ന് അവകാശപ്പെട്ട് താലിബാൻ ഭീകരരുടെ ആഘോഷം; കാബൂളിൽ ദീ വെടിയേറ്റ് 17 പേർ മരിച്ചു

കാബൂള്‍: അഫ്​ഗാനിസ്ഥാനില്‍ പഞ്ചശീര്‍ പ്രവിശ്യ പിടിച്ചടക്കിയെന്ന്​ അവകാശപ്പെട്ട് താലിബാന്‍ ഭീകരര്‍ നടത്തിയ വിജയാഘോഷത്തിനിടെ 17 പേര്‍ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രിയില്‍​ അഫ്ഗാന്റെ തലസ്​ഥാന നഗരമായ കാബൂളില്‍ താലിബാന്‍ ഭീകരർ നടത്തിയ ആഘോഷത്തിനിടെയാണ്​ സാധാരണക്കാരായ ജനങ്ങള്‍ വെടിയേറ്റ് മരിച്ചത്​.

സംഭവത്തില്‍ 41 പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. കാബൂളിന്​ കിഴക്കുള്ള നാംഗര്‍ഹാര്‍ പ്രവിശ്യയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ സമാന ആഘോഷങ്ങളില്‍ 14 പേര്‍ക്ക്​ പരിക്കേറ്റു​.അതേസമയം, താലിബാന്‍ ഭീകരരുടെ അവകാശവാദം തെറ്റാണെന്നും പഞ്ചശീര്‍ കീഴടങ്ങിയിട്ടില്ലെന്നും​ പ്രതിരോധ സേന വ്യക്​തമാക്കി.

ഭീകരരുടെ ശക്​തമായ ആക്രമണത്തില്‍ സഖ്യസേനയ്ക്ക് കാര്യമായ നാശനഷ്​ടങ്ങളുണ്ടായിട്ടും കീഴടങ്ങാതെ പിടിച്ചുനില്‍ക്കുകയാണെന്നും സേന പ്രതികരിച്ചു. പഞ്ചശീറില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ച്‌​ താലിബാന്‍ ഭീകരര്‍ മധ്യസ്​ഥ ചര്‍ച്ചകള്‍ക്ക്​ തയ്യാറാവണമെന്ന്​ മുന്‍ അഫ്​ഗാന്‍ പ്രസിഡന്‍റ്​ ഹാമിദ്​ കര്‍സായി വ്യക്തമാക്കി.