ന്യൂഡെൽഹി: കാബൂളിലെ എംബസി തുറക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാന് ഭീകരർ. ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന നിര്‍ദ്ദേശവും താലിബാന് ഭീകരർ മുന്നോട്ടുവച്ചു. ഇതിനിടെ അഫ്ഗാനിസ്ഥാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍ തിരിച്ചെത്തുന്നത് തടയാന്‍ കേന്ദ്ര സർക്കാർ 43 വിമാനത്താവളങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി.
അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീര്‍ണ്ണമായപ്പോള്‍ ഇന്ത്യ ആദ്യം നാല് കോണ്‍സുലേറ്റുകള്‍ അടച്ചു പൂട്ടിയിരുന്നു. പിന്നീട് ഈ മാസം പതിനേഴിന് കാബൂളിലെ എംബസിയും അടച്ച് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി ഇന്ത്യ അറിയിച്ചിട്ടില്ല. ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്ന നിര്‍ദ്ദേശം താലിബാന് ഭീകരർ നല്‍കിയത്.
ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാല്‍ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാന് ഭീകര ഭരണകൂടം ഉറപ്പ് നല്കുന്നു. അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെൻ്റും സല്‍മ ഡാമും നിര്‍മ്മിച്ച ഇന്ത്യ റോഡ് നിര്‍മ്മാണത്തിലും പങ്കാളിയാണ്. ഈ സഹകരണം തുടരണമെന്നും താലിബാന് ഭീകരർ ആവശ്യപ്പെട്ടു. താലിബാന് ഭീകരരുടെ നിര്‍ദ്ദേശത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
അതിനിടെ അഫ്ഗാനിസ്ഥാനില്‍ ഐഎസില്‍ ചേര്‍ന്ന 25 ഇന്ത്യക്കാരില്‍ ജീവിച്ചിരിക്കുന്നവര്‍ മടങ്ങാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. ഇവര്‍ മടങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കാന്‍ 43 വിമാനത്താവളങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
തുറുമുഖങ്ങള്‍ക്കും നേപ്പാള്‍ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകള്‍ക്കും മുന്നറയിപ്പ് നല്‍കിയെന്നാണ് സൂചന. കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ റഷ്യയുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്ന സൂചനയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.