തിരുവനന്തപുരം: സംസ്ഥാനത്തെ റെഡ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഡ് സോണിൽ നേരത്തെതന്നെ ഉൾപ്പെട്ടിരുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളിൽ തൽസ്ഥിതി തുടരും. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ടുചെയ്ത കോട്ടയം, ഇടുക്കി ജില്ലകളെക്കൂടി പുതുതായി റെഡ് സോണിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം എറണാകുളം-കോട്ടയം അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാനോ എറണാകുളത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല. കോട്ടയത്ത് കൊറോണ കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നടപടി.
ഇടുക്കി ജില്ലയിലെ വണ്ടൻമേട്, ഇരട്ടയാർ പഞ്ചായത്തുകളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കും. കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂർ, അയർകുന്നം. തലയോലപ്പറമ്പ് പഞ്ചായത്തുകളെയും ഹോട്ട് സ്പോട്ടുകളിൽ ഉൽപ്പെടുത്തും.
നിലവിൽ കൊറോണ വൈറസ് ബാധിച്ച് ആരും ചികിത്സയിൽ ഇല്ലാത്തത് തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, വയനാട് ജില്ലകളിലാണെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.