കാബൂള്‍: അഫ്ഗാനിൽ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യത്തെ ഔദ്യോഗിക ഫത്വ ഇറക്കി താലിബാന്‍ ഭീകരരുടെ സർക്കാർ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കുന്നത് നിര്‍ത്തലാക്കിയാണ് ഫത്വ. രാജ്യത്തെ ഹെറാത്ത് പ്രവിശ്യയിലെ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളില്‍ ഇത് ബാധകമാണെന്നാണ് താലിബാന്‍റെ ഉത്തരവ്.
അഫ്ഗാന്‍ വാര്‍ത്ത ഏജന്‍സി ഖാമയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. സര്‍വകലാശാല അധ്യപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ തുടങ്ങിയവരുമായി മണിക്കൂറുകള്‍ നീണ്ട കൂടിയാലോചനകള്‍ നടത്തിയാണ് ഫത്വ ഇറക്കിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നത് ന്യായീകരണം ഇല്ലാത്തകാര്യമെന്നാണ് ഫത്വ സംബന്ധിച്ച കുറിപ്പില്‍ പറയുന്നത്.
ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കുന്നതാണ് നാട്ടിലെ എല്ലാ തിന്മകളുടെയും മൂലകാരണം അതിനാല്‍ ഇത് നശിക്കണം – ഹെറാത്ത് പ്രവിശ്യയിലെ നടന്ന യോഗത്തില്‍ താലിബാന്‍ ഉന്നത വിദ്യാഭ്യാസ കാര്യ മേധാവി മുല്ല ഫരീദ് പറഞ്ഞു. എന്നാല്‍ പുരുഷ വിദ്യാര്‍ത്ഥികള്‍ക്ക് വനിത അധ്യാപികയും, വനിത വിദ്യാര്‍ത്ഥികള്‍ക്ക് പുരുഷ അധ്യാപകരോ ക്ലാസ് എടുക്കുന്നതില്‍ തടസ്സമില്ല.
എന്നാല്‍ ഇത് പ്രയോഗിക തലത്തില്‍ വരുന്നതോടെ, പ്രത്യേകം പഠന സൗകര്യങ്ങള്‍ സ്ത്രീകള്‍ക്ക് ഒരുക്കാന്‍ കഴിയാതെ പല സ്ഥാപനങ്ങളും അതിന് തയ്യാറാകുന്നതോടെ പെണ്‍കുട്ടികളുടെ പഠനം പ്രതിസന്ധിയിലാകുന്ന അവസ്ഥയുണ്ടായേക്കുമെന്ന ആശങ്കയും ഉയരുന്നു.