ന്യൂഡെൽഹി: നിലവാരമില്ലാത്ത കൊറോണ റാപിഡ് ടെസ്റ്റ് കിറ്റുകൾ ചൈനയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത് ഇരട്ടി വിലയ്ക്ക്. റിയൽ മെറ്റബോളിക്സ്, ആർക്ക് ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികൾ മുഖേനയായിരുന്നു കേന്ദ്ര സർക്കാർ ചൈനയിൽനിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിയത്.
ഇറക്കുമതിക്കാരായ മാട്രിക്സ് എന്ന കമ്പനി ഒരു കിറ്റിന് 245 രൂപ നിരക്കിലായിരുന്നു ഇറക്കുമതി നടത്തിയത്. എന്നാൽ വിതരണക്കാരായ റിയൽ മെറ്റബോളിക്സ്, ആർക്ക് ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികൾ ഇത് സർക്കാരിന് നൽകിയത് ഒരു കിറ്റിന് 600 രൂപ എന്ന നിരക്കിലായിരുന്നു.
അതേസമയം തമിഴ്നാട് സർക്കാർ ഷാൻ ബയോടെക് എന്ന കമ്പനി മുഖേനെ 600 രൂപ നിരക്കിൽ നേരിട്ട് കിറ്റുകൾ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഷാൻ ബയോടെക് കമ്പനി തമിഴ്നാടിന് കിറ്റുകൾ വിതരണം ചെയ്തത് കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്ന ചൂണ്ടിക്കാട്ടി റിയൽ മെറ്റബോളിക്സ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതോടെയാണ് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത്.
അമിതലാഭം ഈടാക്കിയാണ് കമ്പനികൾ ഇടപാട് നടത്തിയതെന്ന് കണ്ടെത്തിയ കോടതി കിറ്റുകളുടെ വില 400 രൂപയ്ക്ക് താഴെയാക്കി കുറയ്ക്കാൻ ആവശ്യപ്പെട്ടു. അതേസമയം ഐസിഎംആർ 528-795 രൂപയായിരുന്നു ടെസ്റ്റ് കിറ്റുകളുടെ വിലയുടെ പരിധി നിശ്ചയിച്ചിരുന്നത്. കാര്യക്ഷമത, കൃത്യത തുടങ്ങി ഉയർന്ന സാങ്കേതിക സവിശേഷതകൾ എന്നിവ ഉറപ്പുവരുത്തുന്നതിനാണ് കൂടിയ വില നിശ്ചയിച്ച് കിറ്റുകൾക്ക് ടെണ്ടർ നൽകിയതെന്നാണ് ഐസിഎംആറിന്റെ നിലപാട്.
അതേസമയം, ഇറക്കുമതി ചെയ്ത കിറ്റുകൾ ഗുണനിലവാരമില്ലാത്തതാണെന്നും പരിശോധനാഫലം തെറ്റാണെന്നും വ്യക്തമായതിനെ തുടർന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ കിറ്റുകൾ ഉപയോഗിക്കുന്നത് നിർത്തിയിരുന്നു. തുടർന്ന് ഐസിഎംആർ കിറ്റുകൾ പരിശോധിക്കുകയും ഉപയോഗ യോഗ്യമല്ലെന്നു കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്ന് വിതരണം ചെയ്ത കിറ്റുകൾ ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങളോട് നിർദേശിക്കുകയുമാണ് ചെയ്തത്.