വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ കുറ്റബോധമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. സേനയെ പിന്‍വലിക്കാനുള്ള തീരുമാനം ഉറച്ചതായിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തെയാണ് അഫ്ഗാന് സര്‍ക്കാരിന്റെ വീഴ്ചയുണ്ടായതെന്നും ജോ ബൈഡന് പറഞ്ഞു.
താലിബാനെതിരെ അഫ്ഗാന് സൈന്യം ചെറുത്ത് നില്ക്കാന് ഒരു ഘട്ടത്തില്‍ പോലും തയ്യാറായില്ലെന്ന് ജോ ബൈഡന് കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണം അമേരിക്കയുടെ ലക്ഷ്യമല്ല. അഫ്ഗാനിസ്ഥാന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം അവരുടെ നേതാക്കള്‍ അടക്കമുള്ളവരാണ്. അമേരിക്കന്‍ സൈന്യം വിട്ടുപോയെങ്കിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആയിരക്കണക്കിന് അഫ്ഗാന് പൗരന്മാരെ രക്ഷിക്കും. അഫ്ഗാനില്‍ നിന്നും സേനയെ പിന്‍വലിക്കാന്‍ സ്വീകരിച്ച തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റെടുക്കും. മറ്റൊരു രാജ്യത്തെ ആഭ്യന്തരപ്രശ്നങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ സ്വന്തം സൈന്യത്തോട് ഇനിയും പറയാന്‍ കഴിയില്ലെന്നും ബൈഡന് പറഞ്ഞു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ജോ ബൈഡന് പറഞ്ഞു. താലിബാന് മുന്നേറ്റത്തെ തടയുന്നതിന് പകരം അമേരിക്ക നല്കിയ ആയുധങ്ങളടക്കം ഉപേക്ഷിച്ച് പിന്മാറുകയായിരുന്നു അഫ്ഗാന് സൈന്യം ചെയ്തത്. ഇതോടെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ താലിബാന് അഫ്ഗാനെ കീഴടക്കി. അഫ്ഗാനിസ്ഥാനില്‍ യുദ്ധം ചെയ്യാന്‍ എത്ര തലമുറകളെയാണ് ഇനിയും അയക്കേണ്ടിവരുകയെന്നും സേനാ പിന്മാറ്റെത്തെ എതിര്‍ക്കുന്നവരോട് ബൈഡന് ചോദിച്ചു.
അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ കാലത്തുണ്ടായ തരത്തിലുള്ള തെറ്റുകള്‍ അമേരിക്ക ആവര്‍ത്തിക്കില്ല. തീവ്രവാദത്തിനെതിരെ ചെറുത്ത് നില്‍പ്പ് ആവശ്യമാണെങ്കിലും അമേരിക്കന്‍ പൗരന്മാരുടെ ജീവന് ഇനിയും നഷ്ടമാകരുത്. തീവ്രവാദം അഫ്ഗാനിസ്ഥാനിനപ്പുറത്തേക്ക് വ്യാപിച്ചു. ഞാന്‍ അമേരിക്കയുടെ പ്രസിഡന്റാണ്. ഈ പ്രശ്നം എന്നോട് കൂടി അവസാനിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.