കാബൂളിലെ സൈനിക ജയിൽ താലിബാൻ പിടിച്ചെടുത്തു; നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, റഫീല അടക്കമുള്ള തടവുപുള്ളികളായ സ്ത്രീകളുടെ കാര്യത്തിൽ താലിബാൻ തീരുമാനമെടുക്കും; ഇവരെ വെടിവെച്ച് കൊന്നേക്കാം, നിർബന്ധിതമായി വിവാഹം കഴിപ്പിച്ചേക്കാം

കാബൂൾ: അഫ്ഗാനിസ്താനിൽ അഴിഞ്ഞാടി താലിബാൻ ഭീകരർ. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയിൽ താലിബാൻ പിടിച്ചെടുത്തു. കൊടും ഭീകരർ ഉൾപ്പെടെ 5000ത്തോളം തടവുകാരെയാണ് താലിബാൻ ജയിലിൽ നിന്നും മോചിപ്പിച്ചത്. ബഗ്രാമിലെ സൈനിക ജയിലിൽ നിന്നും മോചിപ്പിച്ച തടവുപുള്ളികളിൽ കൊടും ഭീകരരും ഐഎസ് പ്രവർത്തകരുമുണ്ട്. അമേരിക്കൻ സൈന്യത്തിന് കീഴിലായിരുന്ന ജയിലിന്റെ നിയന്ത്രണം നിലവിൽ പൂർണമായും താലിബാന്റെ കൈയിലാണ്.

സൈനിക പിന്മാറ്റത്തിന് തീരുമാനമായതോടെ ജയിലിന്റെ നിയന്ത്രണം അമേരിക്ക അഫ്ഗാനിസ്താന് കൈമാറിയിരുന്നു. അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ അമേരിക്കൻ മിലിട്ടറി ബേസ് ആയിരുന്നു ബഗ്രാമിലേത്. അഫ്‌ഗാന്റെ കൈപ്പിടിയിലായിരുന്ന ജയിൽ ഇപ്പോൾ താലിബാൻ നിയന്ത്രണത്തിലാണ്. മോചിപ്പിക്കപ്പെട്ടവരിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെയും താലിബാന്റെയും ഭീകരരാണ് ഉള്ളത്. പുൽ ഉ ചർകി ജയിലും താലിബാൻ നിയന്ത്രണത്തിലാണ്.

തടവറകളിൽ നിന്നും മോചിപ്പിക്കുന്ന ഐഎസ്, അല്‍-ഖ്വയ്ദ ഭീകരരെ താലിബാൻ എന്താണ് ചെയ്യുക എന്ന ചോദ്യമാണുയരുന്നത്. വീടും നാടും വിട്ട് ഐഎസിൽ ചേർന്ന മലയാളികളായ നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, റഫീല തുടങ്ങിയവർ കഴിയുന്നത് അഫ്‌ഗാനിസ്ഥാനിലെ ജയിലിലാണ്. ഇവരോടൊപ്പം ഇവരുടെ കുട്ടികളുമുണ്ട്. ഐഎസ് സംഘട്ടനങ്ങളിൽ ഭർത്താക്കൻമാർ കൊല്ലപ്പെട്ട മലയാളികളായ ഇവർ 2019 കളിലാണ് അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്.

ഇവരെ അഫ്ഗാൻ തടവിലാക്കുകയായിരുന്നു. തടവറയിൽ ഇവരെ കൂടാതെ നിരവധി സ്ത്രീകളാണുള്ളത്. സ്ത്രീകളോട് ഒട്ടും ദയയില്ലാതെ പെരുമാറുന്ന താലിബാൻ ഈ സ്ത്രീകളെ എന്തുചെയ്യുമെന്നോ ഇവരെ എന്തിനു ഉപയോഗിക്കുമെന്നോ വ്യക്തമല്ല.

നിമിഷ ഫാത്തിമ അടക്കമുള്ള തടവുപുള്ളികളായ സ്ത്രീകളുടെ കാര്യത്തിൽ താലിബാൻ എന്ത് തീരുമാനമാകും സ്വീകരിക്കുക എന്ന സംശയവുമുണ്ട്.താലിബാൻ്റെ രീതി അനുസരിച്ച് ഒരു പക്ഷെ ഇവരെ വെടിവെച്ച് കൊല്ലുകയോ, അല്ലെങ്കിൽ നിർബന്ധിതമായി വിവാഹം കഴിക്കുക എന്നിവയും നടന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. അൽ-ഖ്വയ്ദ, ഐഎസ്‌ഐഎസ് തുടങ്ങിയ ഭീകര സംഘടനകൾക്ക് അഫ്‌ഗാനിസ്ഥാനിൽ ഇനിയൊരു ഉദയം ഉണ്ടാകില്ലെന്നും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകില്ലെന്നും താലിബാൻ യുഎസുമായുള്ള സമാധാന കരാറിൽ വ്യക്തമാക്കിയിരുന്നു. ആയതിനാൽ, ഇവരെ തങ്ങളുടെ കൂടെ ചേർക്കാനോ സൗഹൃദമനോഭാവത്തോടെ ഇവരോട് പെരുമാറാൻ താലിബാൻ തയ്യാറാകുമെന്നോ കരുതാനാകില്ല.

ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളെ അഫ്ഗാനിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ പ്രതിനിധി സൈബുള്ള മുജാഹിദ് ജൂലൈയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. നിമിഷ ഫാത്തിമയ്ക്കും കൂട്ടാളികൾക്കും ഇന്ത്യയിലേക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. നാലു യുവതികളും ഇപ്പോഴും തീവ്രമൗലിക വാദികളാണെന്നും രാജ്യത്ത് തിരിച്ചെത്തുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയതിനെ തുടർന്ന് ഇവരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്രം അനുകൂല നിലപാട് അല്ല സ്വീകരിച്ചിരിക്കുന്നത്.

അഫ്‌ഗാനിൽ കീഴടങ്ങിയ ശേഷം നിമിഷ ഫാത്തിമയുടെയും സോണിയയുടെയും വീഡിയോ പുറത്തുവന്നിരുന്നു. ഐഎസിൽ ചേർന്നത് തെറ്റായ തീരുമാനമായെന്ന് സോണിയ തുറന്നു സമ്മതിക്കുമ്പോൾ മറിച്ചായിരുന്നു നിമിഷയുടെ പ്രതികരണം. ഐഎസിൽ ചേർന്നതിലോ നടന്ന സംഭവങ്ങളിലോ ഖേദമോ ആശങ്കയോ നിമിഷയുടെ വാക്കുകളിൽ ഇല്ലായിരുന്നു. നാട്ടിലേക്ക് തിരിച്ചു പോവണമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ താൻ ആശയക്കുഴപ്പത്തിലാണെന്നായിരുന്നു നിമിഷ പറഞ്ഞത്. ഏതായാലും കാബൂളിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഇവരുടെ വരും ദിനങ്ങൾ എന്താകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.