വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷൻ തുടങ്ങി

തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്‌ട്രേഷന്‍  ആരംഭിച്ചു. ഗര്‍ഭിണികള്‍,  കൊറോണ ഒഴികെയുള്ള രോഗങ്ങള്‍  കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍,  സന്ദര്‍ശക  വിസയിലെത്തി കുടുങ്ങിപോയവര്‍  മറ്റ് പല രീതികളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നിവര്‍ക്കാണ് പരിഗണന. 
ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഇല്ലാത്തതിനാല്‍ ആരും തിരക്കു കൂട്ടേണ്ടെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. 

http://www.norkaroots.org എന്ന വെബ്‌സൈറ്റിൽ ഇപ്പോൾ രജിസ്റ്റര്‍ ചെയ്യാം.
മുന്‍ഗണനാ പട്ടിക സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിക്കുകയും മാര്‍ഗ്ഗ രേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.സന്ദര്‍ശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് ആദ്യ അവസരം. വയോജനങ്ങള്‍ ഗര്‍ഭിണികള്‍ കൊറോണയില്ലാത്ത രോഗികൾ എന്നിവർക്കാണ് പരിഗണന നൽകുക.
തിരികെ വരാനാഗ്രഹിക്കുന്ന പ്രവാസികൾ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം. കൊറോണ നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

അതേസമയം എത്ര പ്രവാസികൾ മടങ്ങിയെത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായലേ ഇവരെ ക്വാറൻറയിൻ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനാവൂ. വിവിധ ജില്ലകളിൽ വേണ്ട ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കുന്നുണ്ട്. എന്നാൽ അത് തീരെ കുറവായിരിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

തിങ്കളാഴ്ച മുതല്‍ പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളം പൂര്‍ണ സജ്ജമായിരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ നേരത്തേ അറിയിച്ചിരുന്നു. എയർപോർട്ടിൽ
സുരക്ഷ വീഴ്ച ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് എറണാകുളം ജില്ല ഭരണകൂടം അറിയിച്ചു.

കൊച്ചിയിൽ താല്‍ക്കാലിക താമസത്തിന് വേണ്ടി 7000 മുറികളാണ് പ്രവാസികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 4701 വീടുകൾ ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടിൽ നാലു പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഇതേ രീതിയിൽ മറ്റു ജില്ലകളിലും ശരാശരി 2000 പേർക്ക് എന്ന നിലയിൽ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത് തീർത്തും അപര്യാപ്തമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.