വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശമനുസരിച്ചു തങ്ങളുടെ ഉത്പന്നങ്ങൾ കഴിക്കരുതെന്ന മുന്നറിയിപ്പുമായി അണുനാശിനി കമ്പനിക്കാർ.
ഒരു കാരണവശാലും അണുനാശിനികൾ ശരീരത്തിൽ കുത്തിവെക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ട്രംപ് ഭരണത്തിനു തന്നെ കീഴിലുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മേധാവി സ്റ്റീഫൻ ഹാനും മുന്നറിയിപ്പു നൽകി.
ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷമുണ്ടായ വ്യാജപ്രചാരണത്തെ തുടർന്ന് അണുനാശിനികൾ കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയുപ്പുമായി എത്തിയിരിക്കുകയാണ് റെക്കിറ്റ് ബെൻക്കിസർ എന്ന ബ്രിട്ടീഷ് കമ്പനി. “ആരോഗ്യവുമായും ശുചീകരണവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ആഗോള നായകരെന്ന നിലയ്ക്ക് തങ്ങൾ പറയുകയാണ്, ഒരു സാഹചര്യത്തിലും തങ്ങളുടെ അണുനശീകരണ ഉത്പന്നങ്ങൾ മനുഷ്യശരീരത്തിലേക്ക് ഇൻജക്ഷൻ വഴിയോ വായിലൂടെയോ ശരീരത്തിൽ പ്രയോഗിക്കരുത് “, എന്ന് കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.
കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും ശ്വാസകോശത്തിലായതിനാൽ കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാർഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂർണമായും ശുദ്ധീകരിക്കാൻ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടതെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തുടർന്ന് തെറ്റായ നിരവധി സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ അമേരിക്കക്കാരിലെത്തിയത്.