ടെഹ്റാന്: ഇറാനിലെ ഖുസെസ്താന്‍ പ്രവിശ്യയില്‍ കുടിവെള്ളത്തിനായി ആരംഭിച്ച പ്രക്ഷോഭം അക്രമാസക്തമായി. ആറ് ദിവസമായി തുടങ്ങിയ പ്രക്ഷോഭം കഴിഞ്ഞ ദിവസം കൈവിട്ടു. സംഭവത്തില്‍ രണ്ട് പ്രക്ഷോഭകരും പൊലീസുദ്യോഗസ്ഥനുമടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു.
മറ്റൊരു പൊലീസുദ്യോഗസ്ഥന് പരിക്കേറ്റു. 18കാരനായ ഗസേം ഖൊസെയ്രി, 30കാരനായ മുസ്തഫ നൈമാവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 18കാരന് പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ചിലര്‍ അവസരം ഉപയോഗിച്ചതാണെന്നും അധികൃതര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൂടുതല്‍ എണ്ണ നിക്ഷേപമുള്ള പ്രദേശമാണ് ഖുസെസ്താന്‍. സുന്നി ഭൂരിപക്ഷ പ്രദേശമായി ഇവിടെ പതിറ്റാണ്ടുകളായി കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വേനല്‍ രൂക്ഷമായതോടെ ഈ വര്‍ഷം കുടിവെള്ള പ്രശ്നം രൂക്ഷമായി.
സുന്നി ഭൂരിപക്ഷ മേഖലയോട് ഇറാന് ഭരണകൂടം വിവേചനം കാണിക്കുകയാണെന്നും ആരോപണമുണ്ട്. അതേസമയം, പ്രദേശത്തെ പ്രതിസന്ധി മുതലെടുത്ത് വിഘടനവാദികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.