പാരിസ്: പെഗാസസ് ചാര സോഫ്ട് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ ഫ്രഞ്ച് പ്രസിഡന്റടക്കം വിവിധ ലോക നേതാക്കളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അടക്കം 14 ഓളം ലോക നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ എന്നിവരടക്കമുള്ള പ്രമുഖ ലോക നേതാക്കള്‍ ഇക്കൂട്ടത്തിലുണ്ട്. 10 പ്രധാനമന്ത്രിമാരുടെ നമ്പറുകള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും, സൈനിക മേധാവികളും മുതിര്‍ന്ന രാഷ്ട്രീയക്കാരും നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മക്രോണിനെ കൂടാതെ അദ്ദേഹത്തിന്റെ ഗവണ്മെന്റിലെ പ്രധാന അംഗങ്ങളുടേയും വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. മക്രോണിന്റെ നമ്പര്‍ പെഗാസസ് ചോര്‍ത്തിയതായി കണ്ടെത്തിയെങ്കിലും ഇതിന്റെ സാങ്കേതിത വിശകലനം നടത്താന്‍ കഴിഞ്ഞില്ലെന്ന് ഒരു ഫ്രഞ്ച് മാധ്യമപ്രവര്ത്തകന് പറഞ്ഞു.
ഇന്നലെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വിവരങ്ങള്‍ ചോര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫോണ്‍ ചോര്‍ത്തലിന് വിധേയമായ കൂടുതല്‍ ആളുകളുടെ വിവരങ്ങള്‍ ഇനിയും പുറത്തുവന്നേക്കുമെന്നാണ് സൂചന. ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ എന്നിങ്ങനെ നിരവധിയാളുകള്‍ ഇത്തരത്തില്‍ ചോര്‍ത്തലിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.