ബെയ്ജിങ്: ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയയ്ക്ക് പിന്നാലെ ആശങ്കയായി മറ്റൊരു വൈറസ് ബാധയും മങ്കി ബി എന്ന വൈറസാണ് ചൈനയില്‍ പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്.
മങ്കി ബി ബാധിച്ച ഒരാള്‍ മരിച്ചതായി ചൈന സ്ഥിരീകരിച്ചു. 53 വയസ്സുള്ള മൃഗഡോക്ടറാണ് വൈറസ് ബാധിച്ച് മരിച്ചത്. മനുഷ്യനില്‍ ഇത്തരം വൈറസ് ബാധയേറ്റുള്ള ആദ്യ മരണമാണിത്.
ഛര്‍ദ്ദി, തലകറക്കം,പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ ഡോക്ടര്‍ക്ക് പിന്നീടാണ് മങ്കി ബി വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ ഈ വൈറസ് ബാധിച്ച് ചൈനയില്‍ കുരങ്ങുകള്‍ ചത്തിരുന്നു. ഈ കുരങ്ങുകളില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധിച്ചതെന്നും സൂചനയുണ്ട്. വ്യക്തമായ കാരണങ്ങളില്ലാതെ ചത്ത കുരങ്ങുകളെ മരിച്ച ഡോക്ടറായിരുന്നു പോസ്റ്റ്മോര്‍ട്ടം ചെയ്തത്. തുടര്‍ന്നാണ് ഇദ്ദേഹത്തിന് ശക്തമായ പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായത്. നിരവധി ആശുപത്രികളില്‍ ചികിത്സ നേടിയിരുന്നുവെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നില്ല.
ഡോക്ടറുടെ മരണത്തെ വളരെയധികം ആശങ്കയോടെയാണ് ചൈനീസ് അധികൃതര്‍ കാണുന്നതെങ്കിലും ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ വന്ന ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലയെന്നാണ് ചൈനയുടെ വാദം.
എന്താണ് മങ്കി ബി വൈറസ് ?
മനുഷ്യരിൽ അപൂർവമായി പടർന്നു പിടിക്കുന്ന വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് 1933ലാണ്. ചൈനയിലെ ഒരു ലബോറട്ടറി ജീവനക്കാരന് കുരങ്ങിൽ നിന്ന് കടിയേറ്റാണ് വൈറസ് ബാധ ഉണ്ടായത്. നേരിട്ട് നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് മങ്കി ബി വൈറസ്.
നേരിട്ടുള്ള സമ്പർക്കം വഴിയോ ശരീരസ്രവം വഴിയോ വൈറസ് പകരാം. പനി, സന്ധി വേദന, തളർച്ച, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ ശ്വാസ തടസ്സം, ഛർദ്ദി, വയറുവേദന എന്നിവയും അനുഭവപ്പെടാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ മൂന്നാഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. 70 മുതൽ 80 ശതമാനം വരെയാണ് മരണ നിരക്കെന്നും പഠനങ്ങൾ പറയുന്നു.