കാഠ്മണ്ഡു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന നേപ്പാളില്‍ പാര്‍ലമെന്റ് പരിച്ചുവിട്ട നടപടി സുപ്രീം കോടതി റദ്ദാക്കി. നേപ്പാളി കോണ്‍ഗ്രസ് നേതാവ് ബഹാദൂര്‍ ദുബയെ പ്രധാനമന്ത്രിയായി രണ്ടു ദിവസത്തിനകം നിയമിക്കാനും നേപ്പാള്‍ സുപ്രീം കോടതി വിധിച്ചു.
പ്രസിഡന്റ് ബിദ്ധ്യ ദേവി ഭണ്ഡാരി ജനപ്രതിനിധി സഭ പിരിച്ചുവിട്ടതും കോടതി റദ്ദാക്കി. നവംബറിലെ തിരഞ്ഞെടുപ്പ് വരെ കെപി ശര്‍മ ഒലി പ്രധാനമന്ത്രിയായി തുടരുന്നതും ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷുംഷര്‍ റാണയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ ഫുള്‍ ബെഞ്ച് റദ്ദാക്കി. പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും പ്രധാനമന്ത്രിയായി തുടരുന്ന കെ പി ഒലിക്കുള്ള തിരിച്ചടിയായി സുപ്രീം കോടതി വിധി.
ദുബയ്ക്ക് അനുകൂലമായി 271 അംഗങ്ങളുള്ള ജനപ്രതിനിധി സഭയില്‍ 149 അംഗങ്ങള്‍ ഒപ്പിട്ട നിവേദനം ഭണ്ഡാരി തള്ളിയിരുന്നു. പ്രസിഡന്റിൻ്റെ
തെറ്റായ നടപടി റദ്ദാക്കണമെന്നും പാര്‍ലമെന്റ് പുനസ്ഥാപിച്ച് ദുബയെ പ്രധാനമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നു. 146 പേര്‍ ഒപ്പിട്ട ഈ ഹര്‍ജിയിന്മേലാണ് കോടതി വിധി.
ദൂബ പ്രധാനമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നും സഭ പുനസ്ഥാപിച്ച് ജൂലൈ 18 നു വിളിച്ചുചേര്‍ക്കണമെന്നും അഞ്ചംഗ ബഞ്ച് ഉത്തരവിട്ടു. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണു നേപ്പാള്‍ പാര്‍ലമെന്റ് സുപ്രീം കോടതി പുനസ്ഥാപിക്കുന്നത്.