ദോഹ: കുടുംബത്തെ ഖത്തറിലെത്തിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. കൊറോണ മഹാമാരിയുടെ തുടക്കത്തിൽ നിർത്തിവെച്ച ഫാമിലി വിസക്കുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ മെട്രാഷ് 2 ആപ്പിൽ ലഭ്യമായിത്തുടങ്ങി.
ഇന്ത്യ, പാകിസ്താൻ സ്വദേശികൾക്കാണ് ഈ ഘട്ടത്തിൽ ഫാമിലി വിസ ഇഷ്യൂ ചെയ്യാൻ അനുമതി നൽകിയത്. 2020 മാർച്ചിൽ എല്ലാ വിസ നടപടികളും നിർത്തിവെച്ച ഖത്തർ, പിന്നീട് ഓരോ ഘട്ടങ്ങളിലായാണ് വിവിധ മേഖലകളിൽ തുറന്നുനൽകിയത്. മലയാളികൾ അടക്കമുള്ള നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെയെല്ലാം ഫാമിലി വിസ അനുവദിക്കാൻ അഭ്യർഥിച്ചിരുന്നു. ഈ കാത്തിരിപ്പുകൾക്കെല്ലാം മറുപടിയുമായാണ് തിങ്കളാഴ്ച ഉച്ചയോടെ മെട്രാഷിലെ ഫാമിലി വിസ അപേക്ഷ ലഭ്യമായിത്തുടങ്ങുന്നത്.
ഇന്ത്യക്കാരായ താമസക്കാർക്ക് ഇനി ആവശ്യമായ വിവരങ്ങൾ ഓൺലൈൻ മുഖേന പൂരിപ്പിച്ച് ഫാമിലി വിസക്ക് അപേക്ഷിക്കാൻ സാധിക്കും. ഏതാനും ദിവസങ്ങൾക്ക് മുൻപ് മെട്രാഷ് ആപ്പിൽ മറ്റുപല രാജ്യക്കാർക്കുമുള്ള അപേക്ഷ പുനഃസ്ഥാപിച്ച കൂട്ടത്തിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ശക്തമായ ട്രാഫിക് മൂലം ഇന്ത്യയെ ലിസ്റ്റിൽനിന്ന് ഒഴിവാക്കി. തുടർന്ന് സാങ്കേതിക തകരാറുകൾ പരിഹരിച്ച് നിലവിൽ ഇന്ത്യയെ വീണ്ടും ഉൾപ്പെടുത്തി .
അതേസമയം, രാജ്യത്തേക്ക് വിസിറ്റ് വിസകൾ ഒന്നും അധികൃതർ അനുവദിച്ചു തുടങ്ങിയിട്ടില്ല. കൊറോണ പശ്ചാത്തലത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 10 ദിവസ ക്വാറൻറീൻ നിലവിലുള്ളതിനാൽ വിസിറ്റ് വിസക്കായി ഇനിയുമേറെ കാത്തിരിക്കേണ്ടിവരും.