കുവൈറ്റ്: ബഹ്റൈനിൽ നിന്ന് കുവൈറ്റിൽ എത്തിയ ഗൾഫ് എയർ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. വിമാനത്തിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി പുറത്തിറക്കി. 62 യാത്രക്കാരും ഏഴ് ജീവനക്കാരുമായിരുന്നു GF215 വിമാനത്തിൽ ഉണ്ടായിരുന്നത്.
തിങ്കളാഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങിനിടെയാണ് സംഭവം. സാങ്കേതിക തകരാർ മൂലമാണ് തീപിടിത്തമെന്നും എത്രയും വേഗം യാത്രക്കാരെയും വിമാന ജീവനക്കാരെയും ഒഴിപ്പിച്ചതെന്നുമാണ് സൂചന. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെന്ന് ഗൾഫ് എയർ ട്വീറ്റ് ചെയ്തു. അധികൃതരുമായി സഹകരിച്ച് സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഗൾഫ് എയർ വിശദമാക്കി.