ലണ്ടൻ: ബ്രിട്ടനിൽ ഡെൽറ്റ വകഭേദം ബാധിച്ച കൊറോണ രോഗികളുടെ എണ്ണത്തിൽ വർധന. ഡെൽറ്റ കേസുകളിൽ 46 ശതമാനം വർധനവുണ്ടായെന്ന് യുകെ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 35,204 ഡെൽറ്റ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 1,11,157 ആയി.
ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ 95 ശതമാനവും ഡെൽറ്റ വകഭേദം മൂലമാണെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് (പിഎച്ച്ഇ) അറിയിച്ചു. കഴിഞ്ഞയാഴ്ച, യുകെയിൽ റിപ്പോർട്ട് ചെയ്ത 99 ശതമാനം കൊറോണ കേസുകളും ഇത്തരത്തിലുള്ളതായിരുന്നു. ഇതിൽ തന്നെ 42 ശതമാനം കേസുകളും ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ളതായിരുന്നു.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡ (Lambda സി.37)യെ അണ്ടർ ഇൻവെസ്റ്റിഗേഷൻ (വിയുഐ) പട്ടികയിൽ ചേർത്തതായും പിഎച്ച്ഇ അറിയിച്ചു. ഫെബ്രുവരി 23 മുതൽ ജൂൺ ഏഴ് വരെ രാജ്യത്താകെ ആറു ലാംബ്ഡ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണ് ഈ കേസുകളെല്ലാം.
പെറുവിൽ ആദ്യമായി റിപ്പോർട്ടു ചെയ്ത ലാംബ്ഡ ഇതിനകം 26 രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിലി, പെറു, ഇക്വഡോർ, അർജന്റീന തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ വകഭേദം കണ്ടെത്തിയത്. സ്പൈക്ക് പ്രോട്ടീനിൽ ലാംബ്ഡ വകഭേദം ഒന്നിലധികം മ്യൂട്ടേഷനുകൾ കാണിക്കുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ലാംബ്ഡയുടെ രോഗവ്യാപന ശേഷിയെപ്പറ്റി ശാസ്ത്രസമൂഹം പഠിക്കുന്നതേയുള്ളൂ.
കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയാണ് വൈറസുകൾക്ക് നൽകിയത്. ദക്ഷിണ അമേരിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന് ലാംബ്ഡ എന്നാണ് പേര് നൽകിയിരിക്കുന്നത്. ലാംബ്ഡ വകഭേദം കൂടുതൽ കഠിനമായ രോഗത്തിന് കാരണമാകുമെന്നോ വാക്സിനുകൾ ഫലപ്രദമല്ലാതാകുമെന്നോ നിലവിൽ തെളിവുകളില്ല.
ആശുപത്രിയിൽ പ്രവേശനം തടയുന്നതിനും കടുത്ത രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിന് രണ്ട് ഡോസ് വാക്സിൻ ഫലപ്രദമാണെന്നും പിഎച്ച്ഇ വിലയിരുത്തി. ഉയർന്ന താപനില, കടുത്ത ചുമ, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങിയവയാണ് ലക്ഷണങ്ങളെന്നും രോഗം ബാധിച്ച മിക്ക ആളുകൾക്കും ഇതിലൊരു ലക്ഷണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എൻ.എസ്.എച്ച് അറിയിച്ചു.