ലണ്ടൻ: ബ്രിട്ടൺ ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് രാജിവെച്ചു. കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് ഓഫീസ് ജീവനക്കാരിയെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് വിവാദത്തിലായതിന് പിന്നാലെയാണ് മാറ്റ് ഹാൻകോക്കിൻ്റെ രാജി. സൺ പത്രം ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവിട്ടത് കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഹാൻകോക്ക് രാജിക്കത്ത് കൈമാറി.
തന്റെ ഓഫീസിന്റെ പ്രകടനമികവ് നിരീക്ഷിക്കാനായി റിക്രൂട്ട് ചെയ്ത ജീവനക്കാരിയെ ഹാൻകോക്ക് ആലിംഗനം ചെയ്യുന്ന ചിത്രമാണ് സൺ പുറത്തുവിട്ടത്. കഴിഞ്ഞ മാസം ഓഫീസിൽ നടന്ന സംഭവത്തിന്റെ ചിത്രമാണ് പുറത്തുവിട്ടത്. വീടിന് പുറത്ത് ആളുകളുമായി അടുത്തിടപഴകുന്നതിന് ബ്രിട്ടനിൽ ഇപ്പോഴും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ആരോഗ്യമന്ത്രിയെന്ന നിലയിൽ കൊറോണ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നിരന്തരം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്ന വ്യക്തിയാണ് ഹാൻകോക്ക് .
കൊറോണ മഹാമാരിയിൽ ജീവിതം ഹോമിച്ചവരോട് ഏറെ കടപ്പെട്ടിരിക്കുന്നവരാണ് നമ്മളെന്ന് ഹാൻകോക്ക് രാജിക്കത്തിൽ പറയുന്നു. ആ മാർഗനിർദ്ദേശങ്ങൾ താൻ തന്നെ ലംഘിക്കുമ്പോൾ അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ അകലമെന്ന മാർഗനിർദ്ദേശം പാലിക്കുന്നതിൽ താൻ പരാജയപ്പെട്ടതായി ഹാൻകോക്ക് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കൊറോണ മഹാമാരിയിൽ നിന്ന് പുറത്തുകൊണ്ടുവരാനുളള ശ്രമങ്ങളിൽ മുൻപിലുണ്ടാകുമെന്നും ഹാൻകോക്ക് കൂട്ടിച്ചേർത്തു.
മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷമായ ലേബർ പാർട്ടി ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രധാനമന്ത്രി ആവശ്യം നിരസിച്ചിരുന്നു. ഓഫീസ് സ്റ്റാഫാകും മുൻപ് തന്നെ ഹാൻകോക്കിന് പരിചയമുളള സ്ത്രീയാണ് അവരെന്നും ഇരുവരും സുഹൃത്തുക്കളാണെന്നുമായിരുന്നു ബോറിസ് ജോൺസന്റെ പ്രതികരണം