കൊച്ചി: കൊറോണ ഡ്യൂട്ടിയ്ക്കിടെ യുവാവിൻ്റെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോള്‍ ആശുപത്രി വിട്ടു. ഇരുപത്തിനാല് ദിവസത്തെ ചികിത്സക്ക് ശേഷം അജീഷ് വീട്ടിലേക്ക് മടങ്ങുന്നത് നഷ്ടപ്പെട്ട സംസാരശേഷിയും ചലനശേഷിയും മെച്ചപ്പെട്ടതിനെ തുടർന്ന് .
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ മാസ്ക് വെയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ് യുവാവ് കല്ലുകൊണ്ട് അജീഷ് പോളിനെ തലയ്ക്ക് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആലുവ രാജഗിരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമണത്തെ തുടര്‍ന്ന് അജീഷിന്റെ തലയോട്ടി തകര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ആ ഭാഗത്ത് ഗുരുതരമായ ചതവും സംഭവിച്ചിരുന്നു.
തലച്ചോറിന്റെ ഇടതുവശത്ത് സംസാരശേഷി നിയന്ത്രിക്കുന്ന സ്പീച്ച് സെന്റര്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് കനത്ത പ്രഹരമേറ്റതാണ് ഗൗരവം മൂര്‍ച്ഛിക്കുവാന്‍ ഇടയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം നില മെച്ചപ്പെട്ടു. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ സഹായത്തോടെ സംസാരശേഷിയും കൈകാലുകളുടെ ചലന ശേഷിയും ഏറെക്കുറെ വീണ്ടെടുത്തു.
ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ജഗത് ലാല്‍ ഗംഗാധരന്, ഡോ. മനോജ് നാരായണപ്പണിക്കര്‍, ഡോ. ജോ മാര്‍ഷല്‍ ലിയോ, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. സച്ചിന് ജോര്‍ജ്, ഡോ. വിവേക് ടി. മേനാച്ചേരി, ഡോ. ആന്‍ റോസ് ജോര്‍ജ്ജ്, ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം ഡോ. രമ്യാ മാത്യൂ, സ്പീച്ച് തെറാപ്പിസ്റ്റ് സാറാ പോള്‍, ഫിസിയോതെറാപ്പിസ്റ്റ് അഭിലാഷ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദഗ്ധ ചികിത്സ.