പാലക്കാട്: കൊറോണ വൈറസിൻറെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെൽറ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകൾ നാളെ മുതൽ ഏഴ് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.
ഡെൽഹിയിലെ കൗൺസിൽ ഫോർ സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ നടത്തിയ ജനിതക (ജീനോമിക്) പഠനത്തിലാണ് ഏപ്രിൽ, മെയ് മാസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ സ്രവത്തിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.
പ്രസ്തുത രോഗികളും, ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന എല്ലാവരും നിലവിൽ രോഗമുക്തി നേടിയിട്ടുണ്ട്. രോഗവ്യാപന ശേഷി കൂടുതലുള്ള വകഭേദം മൂലം നിലവിൽ ഭീതിജനകമായ അന്തരീക്ഷം ഇല്ലെങ്കിലും ജനങ്ങൾ കൂടുതൽ ജാഗ്രത സ്വീകരിക്കേണ്ടതിൻറെ ഭാഗമായാണ് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിൽ മേൽ പറഞ്ഞ നടപടി സ്വീകരിച്ചതെന്ന് കളക്ടർ അറിയിച്ചു.