തിരുവനന്തപുരം: ഇന്നും, നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍. ഇതിൻ്റെ ഭാഗമായി കര്‍ശന സുരക്ഷയും പരിശോധനയും ഉണ്ടാകും. ഈ ദിവസങ്ങളില്‍ നേരത്തെ നല്കിയ ഇളവുകള്‍ ഉണ്ടാകില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇളവുകള്‍, നിയന്ത്രണങ്ങള്‍ ഇങ്ങനെ
മെഡിക്കല്‍ സ്റ്റോറുകള്‍, പാല്, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കാം.
ഹോട്ടലുകളില്‍ ടേക്ക്-എവെ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.
അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വീടുകളില്‍നിന്ന് ഒരാള്‍ മാത്രം പുറത്തുപോകണം.
പൊതുഗതാഗതമുണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരി അനുവദിക്കില്ല
അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വിസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കരുതണം.
ട്രെയിന്‍, വിമാനയാത്രക്കാര്‍ ടിക്കറ്റും മറ്റ് യാത്രാരേഖകളും കാണിക്കണം. രേഖകള്‍ കാണിച്ച് വാക്സിന് എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം.
വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഇരുപതുപേരെ മാത്രമേ അനുവദിക്കൂ
പൊതുപരിപാടികളോ ടൂറിസം, റിക്രിയേഷന്‍, ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ല. ബിവറേജസ് ഔട്ട്ലെറ്റുകള്, ബാറുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ല.
കെ.എസ്.ആര്.ടി.സി അവശ്യവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വിസ് മാത്രമേ നടത്തൂ.