ജറുസലേം: പലസ്തീന് 10 ലക്ഷം കൊറോണ വാക്സിൻ ഡോസുകൾ ഉടൻ കൈമാറുമെന്ന് ഇസ്രായേലിൻറെ പ്രഖ്യാപനം. യുഎൻ പദ്ധതിപ്രകാരം പലസ്തീന് വാക്സിൻ ലഭിക്കുമ്പോൾ തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് നെഫ്താലി ബെന്നറ്റിൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൻ്റെ പ്രഖ്യാപനം. ഇസ്രയേലിൻ്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസർ വാക്സിനാണ് ഉടൻ കൈമാറുക.
ലോകത്തിൽ ഏറ്റവും വേഗത്തിൽ വാക്സിനേഷൻ യജ്ഞം നടപ്പാക്കിയത് ഇസ്രയേലാണ്. ഇതോടെ മാസ്ക് ധരിക്കണമെന്ന ഉത്തരവും ഇസ്രയേൽ പിൻവലിച്ചിരുന്നു. ഇസ്രയേലിലിൽ ഇതിനോടകം മുതിർന്ന ജനസംഖ്യയുടെ 85 ശതമാനം പേർക്കും വാക്സിനേഷൻ പൂർത്തീകരിച്ചിട്ടുണ്ട്.
വെസ്റ്റ്ബാങ്കിലെ 3,80,000 പേർക്കും ഗാസയിലെ 50,000 പേർക്കും ഇതുവരെ വാക്സിൻ വിതരണം ചെയ്തു. ഇസ്രായേലിൽ ജോലി ചെയ്യുന്ന വെസ്റ്റ്ബാങ്കിലെ ഒരു ലക്ഷത്തോളം പലസ്തീനികൾക്കും മുമ്പ് വാക്സിൻ നൽകിയിരുന്നു.