ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കൊറോണയ്ക്ക് ഫലപ്രദമല്ല; അമേരിക്കയിൽ മരണ നിരക്ക് ഇരട്ടി

വാഷിംഗ്ടൺ : കൊറോണയ്ക്ക് എതിരെ പ്രയോഗിച്ച ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മരുന്നുകൾ രോഗികളില്‍ ഫലപ്രദമാകുന്നിലെന്നു റിപോർട്ടുകൾ. കൊറോണയ്ക്ക് എതിരെ ഫലപ്രദമല്ലെന്ന് മാത്രമല്ല ഹൈഡ്രോക്‌സിക്ലോറോക്വീന്‍ നല്‍കിയ രോഗികളില്‍ മരണ നിരക്ക് ഇരട്ടിയാണെന്നും അമേരിക്കയിലെ ആശുപത്രിയിലെ രോഗികള്‍ക്കിടയില്‍ നടന്ന പഠനത്തിൽ തെളിയുന്നത്.

ഹൈഡ്രോക്‌സിക്ലോറോക്വീന്‍ നല്‍കിയ 97 കൊറോണ രോഗികളില്‍ 28 ശതമാനം പേരും മരിച്ചുവെന്നാണ് ആശുപത്രികളിൽ നിന്നുള്ള പഠനങ്ങളിൽ പറയുന്നത്. അതേസമയം ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉപയോഗിക്കാത്ത 158 രോഗികളില്‍ 11ശതമാനം മാത്രമാണ് മരണനിരക്ക്. ഹൈഡ്രോക്‌സിക്ലോറോക്വിനും ആന്റിബയോട്ടികായ അസിത്രോമൈസിനും ചേര്‍ത്ത് നല്‍കിയ 113 രോഗികളില്‍ 22%പേരും മരിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു.

കൊറോണയ്ക്ക് എതിരായുള്ള പോരാട്ടത്തിൽ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ അത്ഭുതമരുന്നാകുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. തനിക്ക് കൊറോണ വന്നാല്‍ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കഴിക്കുമെന്ന് വരെ ട്രംപ് പറഞ്ഞിരുന്നു.

ട്രംപിന്റെ പ്രഖ്യാപനത്തോടെ മലേറിയ മരുന്നിന് വലിയ തോതില്‍ ആവശ്യം വര്‍ധിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും ഹൈഡ്രോക്‌സിക്ലോറോക്വീന്‍ നല്‍കിയില്ലെങ്കില്‍ പ്രതികരണമുണ്ടാകുമെന്ന ഭീഷണി വരെ അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.
എന്നാൽ ഈ മരുന്നുകൾ ഒന്നും തന്നെ കോറോണയെ പ്രതിരോധിക്കാൻ സാധിക്കില്ല എന്നാണ് പഠനങ്ങളിൽ വെളിപ്പെടുന്നത്.

ഏപ്രില്‍ 11 വരെയുള്ള കാലയളവില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 368 പേരുടെ മെഡിക്കല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്.