ന്യൂഡെൽഹി: കൊറോണ വാക്സിൻ സ്വീകരിക്കുന്നതിനായി ഇനി മുൻകൂറായി ‘കോവിൻ’ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘ വാക്ക് ഇൻ’ രജിസ്ട്രേഷൻ എന്ന പേരിലാണ് ഇത് നടപ്പാക്കുക.
രാജ്യത്തെ ഗ്രാമീണ മേഖലകളിലടക്കം വാക്സിനേഷൻ യജ്ഞത്തിന് വേഗത പോരെന്ന ആക്ഷേപം മറികടക്കാനാണ് ഈ നീക്കം വഴി കേന്ദ്രം ലക്ഷ്യമിടുന്നത്.
മുൻകൂർ രജിസ്റ്റർ ചെയ്യുകയും സമയം നിശ്ചയിക്കുകയും ചെയ്യാതെ തന്നെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇനി വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാം. വാക്സിനേറ്റർ കേന്ദ്രത്തിൽ നിന്ന് തത്സമയം രജിസ്റ്റർ ചെയ്യുന്ന രീതിയിലാണ് പുതിയ ക്രമീകരണം.
നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനം ആളുകളെ വാക്സിനേഷന് വിധേയമാക്കിയിട്ടുണ്ട്. 11 ശതമാനം ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു.