സംസ്ഥാനത്ത് കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടർന്നേക്കും; തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന് സൂചന. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കും. രോഗബാധിതരുടെ എണ്ണം പരിശോധനാ നിരക്കിൻ്റെ പത്തു ശതമാനത്തിൽ താഴെ എത്താത്തതിനാൽ ലോക്ക് ഡൗൺ പിൻവലിക്കില്ലെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കൊറോണ അവലോകനയോഗം ‘ ലോക്ക് ഡൗൺ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. എന്നാൽ കൊറോണ വ്യാപനത്തിൻ്റെ മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാമേഖലയിലും തുടരും.

എട്ടു ശതമാനത്തോളം പേരാണ് ഇതുവരെ സംസ്ഥാനത്ത് രണ്ടു ഡോസ് വാക്സിൻ എടുത്തത് എന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കൊറോണ ഭീഷണിയിൽനിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് മാത്രമാണ് നൽകിയിട്ടുണ്ട്.

75 ശതമാനംപേരും പൂർണമായി വാക്സിനെടുക്കുന്നതുവരെ പ്രാദേശിക അടിസ്ഥാനത്തിൽ രോഗബാധ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താനാണ് സർക്കാരിൻ്റെ ആലോചന. ഇത് സംബന്ധിച്ച പ്രാഥമിക നടപടികൾ തുടങ്ങി.