അബുദാബി: യുഎഇയിൽ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളിൽ കൊറോണ വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നു. ചെറിയ കുട്ടികളിൽ വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങൾ മിഡിൽ ഈസ്റ്റിൽ ആദ്യമായി യുഎഇയിലാണ് നടക്കുന്നത്. പഠനത്തിന്റെ ഫലം ലഭ്യമാവുന്നതിനനുസരിച്ച് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് മടങ്ങാനുള്ള വഴി തുറക്കാനാവുമെന്ന പ്രതീക്ഷയാണ് ഇതിലൂടെ പങ്കുവെയ്ക്കുന്നത്. മറ്റ് വാക്സിൻ ഉത്പാദക രാജ്യങ്ങളിലും സമാനമായ പഠനങ്ങൾ നടന്നുവരുന്നുണ്ട്. അന്താരാഷ്ട്ര നിലവാരവും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും എല്ലാ മെഡിക്കൽ പ്രോട്ടോക്കോളുകളും നടപ്പിലാക്കിക്കൊണ്ടുമായിരിക്കും അബുദാബി ആരോഗ്യ വകുപ്പ് പ്രവർത്തനങ്ങൾ നടത്തുക.
ചൈനീസ് വാക്സിനായ സിനോഫാം ഉപയോഗിച്ചുള്ള ‘ഇമ്മ്യൂൺ ബ്രിഡ്ജ് സ്റ്റഡി’ക്കാണ് യുഎഇ ആരോഗ്യ – പ്രതിരോധ മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്. വിവിധ രാജ്യക്കാരായ 900 കുട്ടികളിൽ വാക്സിൻ കാരണമായി രൂപപ്പെടുന്ന രോഗ പ്രതിരോധശേഷി പഠന വിധേയമാക്കുകയാണ് ലക്ഷ്യം. കുട്ടികൾക്കും വൈകാതെ തന്നെ വാക്സിനുകൾ നൽകാൻ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പ്രതീക്ഷ.
ഓരോ കുട്ടിയെയും മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാവും പരീക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുക. ഇവരുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടിരിക്കും. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടായിരിക്കും പഠനം നടത്തുക.