ന്യൂഡെല്‍ഹി: രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്ക് കൊറോണ വാക്സിന് നല്‍കുമെന്ന് അറിയിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ആഗോളതലത്തില്‍ 25 മില്ല്യണ്‍ ഡോസ് കൊറോണ വാക്സിന് വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. വാക്സിന് നല്‍കുമെന്ന് കമലാഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെ വിളിച്ച് അറിയിക്കുകയായിരുന്നു.
കമല ഹാരിസുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യ, യുഎസ് വാക്സിന് സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ചകൾ നടന്നുവെന്നും മോദി അറിയിച്ചു.
മെക്സിക്കോ പ്രസിഡന്റ് അന്‍ഡ്രസ് മാനുവല്‍ ലോപസ്, ഗ്വാട്ടമാല പ്രസിഡന്റ് അലഹാന്ദ്രോ ജിയാമത്തി, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും കൊറോണ വാക്സിന് നല്‍കുമെന്ന് കമല ഹാരിസ് അറിയിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ നല്കുന്ന 25 മില്യണ്‍ ഡോസില്‍ ആറ് മില്യണ്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ക്ക് അമേരിക്ക നേരിട്ട് കൈമാറും. ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ ഡോസ് വാക്സിന് ആഗോളതലത്തില്‍ വിതരണം ചെയ്യാനാണ് അമേരിക്ക ആലോചിക്കുന്നത്.