ന്യുഡെൽഹി: രാജ്യത്ത് 8,848 പേർക്ക് ഇതിനകം ബ്ലാക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ബ്ലാക് ഫംഗസ് ചികിൽസയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇതിനകം തന്നെ ആംഫോട്ടെറിസിൻ-ബി മരുന്ന് 23,680 യൂണിറ്റ് അധികമായി അനുവദിച്ചതായും കേന്ദ്രം അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് അനുവദിക്കുന്നത്.
രോഗികളുടെ എണ്ണത്തിൽ ഗുജറാത്താണ് മുന്നിൽ. 2,281 ബ്ലാക് ഫംഗസ് രോഗികളാണ് ഇവിടെയുള്ളത്. മഹാരാഷ്ട്രയിൽ 2000 ബ്ലാക് ഫംഗസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശ്-910, മധ്യപ്രദേശ്-720, രാജസ്ഥാൻ-700, തെലങ്കാന-350 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഡെൽഹിയിൽ 197 പേർക്കും കേരളത്തിൽ 34 പേർക്കും രോഗം സ്ഥിരീകരിച്ചു.
അതേസമയം കോഴിക്കോട് ബ്ലാക്ക് ഫംഗസ് തീവ്രമാകുന്നുവെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ബ്ലാക്ക് ഫംഗസ് (മ്യൂകർമൈകോസിസ്) ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുള്ളവരുടെ എണ്ണം 13 ആയി. 10 പേർ മെഡിക്കൽ കോളജിലും മൂന്ന് പേർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇതിൽ നാലു പേർ കോഴിക്കോട് സ്വദേശികളും ആറുപേർ മലപ്പുറം സ്വദേശികളുമാണ്.
പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരും ഒരു തമിഴ്നാട് സ്വദേശിയുമാണ് ചികിത്സയിൽ തുടരുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള എല്ലാവരും ഗുരുതര പ്രമേഹ രോഗികളാണ്. ഒരാൾ അതിഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിനിടെ പാലക്കാട് സ്വദേശിയായ ഒരാളുടെ മരണം ബ്ലാക്ഫംഗസ് മൂലമായിരുന്നോ എന്ന് പരിശോധിക്കാൻ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മേയ് 18ന് മലപ്പുറം സ്വദേശി രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു.