കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ഇല്ലെന്ന് കേന്ദ്ര സർക്കാർ; കൊറോണ ഇന്ത്യൻ വകഭേദമെന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം

ന്യൂഡെൽഹി: ബി.1.617 എന്നത് കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം അല്ലെന്നും ഇന്ത്യൻ വകഭേദം എന്ന ഒന്നില്ലെന്നും കേന്ദ്ര സർക്കാർ. ബി.1.617 എന്നത് കൊറോണ ഇന്ത്യൻ വകഭേദമാണ് എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടൻ നീക്കം ചെയ്യാൻ നിർദേശിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര സർക്കാർ കത്ത് നൽകി.

ബി.1.617 എന്നത് ഇന്ത്യൻ വകഭേദമാണ് എന്ന് ലോകാരോ​ഗ്യ സംഘടന എവിടേയും ഉദ്ധരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം വ്യാപിക്കുന്നു എന്ന നിലയിലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റായ കാര്യമാണ്. ഇത് കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം എന്ന് ലോകാരോ​ഗ്യ സംഘടന ശാസ്ത്രീയമായി പ്രതിപാദിച്ചിട്ടില്ല.

ഈ പശ്ചാത്തലത്തിൽ അത്തരം പ്രയോ​ഗങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യണം എന്നാണ് സമൂഹമാധ്യമങ്ങൾക്ക് നൽകിയ കത്തിൽ ഐടി മന്ത്രാലയം നിർദേശിക്കുന്നത്. സൗത്ത് ആഫ്രിക്ക, ബ്രസീൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വകഭേദങ്ങൾക്ക് ശേഷം കണ്ടെത്തിയ നാലാമത്തെ വകഭേദമാണ് ബി.1.617. എന്നാൽ ഇതിൽ ഏതെങ്കിലും രാജ്യത്തിന്റെ പേര് സൂചിപ്പിച്ചിട്ടില്ല.

സിം​ഗപ്പൂർ വകഭേദം എന്ന് കഴിഞ്ഞ ദിവസം ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങൾക്ക് സിം​ഗപ്പൂർ സർക്കാർ നിർദേശം നൽകി. സിം​ഗപ്പൂർ വകഭേദം എന്നൊന്ന് ഇല്ലെന്നും തീവ്രവ്യാപന സ്വഭാവമുള്ളത് ഇന്ത്യൻ വകഭേദമാണെന്നും സിം​ഗപ്പൂർ കുറ്റപ്പെടുത്തി. നിലവിൽ ഈ വകഭേദതത്തിന്റെ ശാസ്ത്രിയനാമം ഉപയോ​ഗിക്കാനാണ് ലോകാരോ​ഗ്യ സംഘടനയുടെ നിർദേശം.