തൃശൂർ: ജില്ലയെ ട്രിപ്പിൾ ലോക്ഡൗണിൽ നിന്നൊഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനമായെങ്കിലും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.നാളെ കൂടി ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെങ്കിലും ഇന്നു നടക്കുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്താകും അന്തിമ തീരുമാനമെടുക്കുകയെന്നു കമ്മിഷണർ ആർ. ആദിത്യ അറിയിച്ചു.
ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഇന്നുകൂടി തുടരും. ഞായറാഴ്ചകളിൽ കൂടുതൽ നിയന്ത്രണം എന്ന സർക്കാർ നിർദേശം നിലനിൽക്കുന്നതിനാൽ നാളെയും ട്രിപ്പിൾ ലോക്ഡൗൺ തുടരാനാണു സാധ്യത. ജില്ലയിലെ കൊറോണ വ്യാപനത്തോതിൽ കുറവു വന്നതു കണക്കിലെടുത്താണ് ട്രിപ്പിൾ ലോക്ഡൗൺ പിൻവലിക്കുന്നത്. എന്നാൽ, മുൻപുണ്ടായിരുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും.
അവശ്യ കാര്യങ്ങൾക്കു പുറത്തിറങ്ങാൻ അനുമതി ലഭിക്കുമെങ്കിലും സത്യവാങ്മൂലം കയ്യിൽ കരുതുന്നതു തുടരണം. മരണം, ചികിത്സ എന്നീ അടിയന്തരാവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്ന തരത്തിലുള്ള കടുത്ത നിയന്ത്രണം പിൻവലിക്കപ്പെടും. ലോക്ഡൗണിലുണ്ടായിരുന്ന നിയന്ത്രണങ്ങൾക്കു പുറമെ എന്തെങ്കിലും പുതിയ നിയന്ത്രണം ഏർപ്പെടുത്തുമോ അതോ ഭേദഗതി വരുത്തുമോ എന്ന കാര്യത്തിൽ ഇന്നു ചേരുന്ന യോഗം തീരുമാനമെടുക്കും.