ന്യൂഡെൽഹി: കൊറോണ വ്യാപനം കൂടുതലുളള സ്ഥലങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുമാരുമായി ആശയവിനിമയം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രദേശങ്ങളിലെ സാഹചര്യവും രോഗവ്യാപനം നിയന്ത്രിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങളും പ്രധാനമന്ത്രി വിലയിരുത്തും. 18നും 20 നുമായിരിക്കും ആശയവിനിമയം നടക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആദ്യഘട്ടമായി 18ന് ഒൻപത് സംസ്ഥാനങ്ങളിലെ 46 ജില്ലാ മജിസ്ട്രേറ്റുമാരുമായി പ്രധാനമന്ത്രി സംവദിക്കും. 20 ന് 10 സംസ്ഥാനങ്ങളിലെ 54 ജില്ലാ മജിസ്ട്രേറ്റുമാരുമായും അദ്ദേഹം ആശയവിനിമയം നടത്തും. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സാന്നിധ്യത്തിലായിരിക്കും പ്രധാനമന്ത്രി ആശയവിനിമയം നടത്തുക.