ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഇന്ത്യൻ വേരിയന്റ് എന്ന് വിശേഷിപ്പിച്ചിട്ടില്ല: കേന്ദ്രസർക്കാർ

ന്യൂഡെൽഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന്റെ B..1.617 വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസർക്കാർ.

ലോകാരോഗ്യസംഘടന ‘ഇന്ത്യൻ വേരിയന്റ്’എന്ന വാക്ക് കൊറോണ വൈറസിന്റെ B.1.617 വകഭേദവുമായി ബന്ധപ്പെടുത്തിയിട്ടില്ല. B.1.617 വകഭേദവുമായി ബന്ധപ്പെട്ട് സംഘടന ഇറക്കിയ 32 പേജുള്ള റിപ്പോർട്ടിൽ എവിടെയും ഇന്ത്യൻ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും അതിനാൽ വൈറസിനെ ഇന്ത്യൻ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പറഞ്ഞിരുന്നു.

ഡബ്ല്യു.എച്ച്.ഒ. ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20-ഓളം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ബി.1.617-ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയിൽ കണ്ടെത്തി. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവയാണവ. ഏറ്റവും രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഈ വകഭേദമാണ്.