ചെന്നൈ: അർജുന അവാർഡ് ജേതാവായിരുന്ന മുൻ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം വേണുഗോപാൽ ചന്ദ്രശേഖർ (64) കൊറോണയെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മൂന്ന് തവണ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യനായിരുന്ന അദ്ദേഹം 1982 കോമൺവെൽത്ത് ഗെയിംസിന്റെ സെമിഫൈനലിലെത്തിയിരുന്നു.
1984-ൽ നടന്ന ഒരു ശസ്ത്രക്രിയയാണ് അദ്ദേഹത്തിന്റെ കരിയർ തകർത്തത്. ശസ്ത്രക്രിയക്കു പിന്നാലെ സംസാര ശേഷിയും കാഴ്ച ശക്തിയും ചലനാത്മകതയും അദ്ദേഹത്തിന് നഷ്ടമായി.
പിന്നീട് ജീവിതത്തോട് പൊരുതിയ അദ്ദേഹം പരിശീലകനായും പ്രവർത്തിച്ചു. പിന്നാലെ ആശുപത്രിക്കെതിരേ നിയമ പോരാട്ടം നടത്തുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു.