ലണ്ടൺ: കൊറോണ വൈറസ് വ്യാപനത്തിൻറെ പിടിയിലമർന്ന് അടച്ചുപൂട്ടപ്പെട്ട യൂറോപ്പ് ഘട്ടംഘട്ടമായി ഇപ്പോൾ തുറക്കുന്നു. മുതിർന്നവരിൽ മൂന്നിലൊന്ന് പേർക്കും വാക്സീൻ നൽകിയതിൻറെ ആത്മവിശ്വാസത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ. ബ്രിട്ടനിൽ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനുള്ള അനുമതിയടക്കമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊറോണ വൈറസിന്റെ ഒന്നാം തരംഗത്തിൽ ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങളാണ് സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമെല്ലാം ദിനം പ്രതി വന്നുകൊണ്ടിരുന്നത്. ജീവനായുള്ള നിലവിളികൾ, നിറയുന്ന ശ്മശാനങ്ങൾ, മഹാമാരിക്ക് കീഴടങ്ങിയത് ആയിരങ്ങളാണ്. എന്നാൽ ഇന്ന് സ്പെയിൻ ആനന്ദ നൃത്തം ചവിട്ടുകയാണ്. ഒരുപാട് പേരെ മഹാമാരി കവർന്നെങ്കിലും തിരിച്ചുവരവിൻറെ പാതയിലാണ് രാജ്യം.
സ്വാതന്ത്ര്യം എന്നാർപ്പുവിളിച്ചാണ് ഒരു വർഷത്തിനിപ്പുറം കർഫ്യൂ അവസാനിച്ചത് സ്പെയിനുകാർ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. കൂട്ടായ്മകൾ പുനരാരംഭിച്ചെങ്കിലും സാമൂഹിക അകലവും മാസ്കും മറക്കരുതെന്ന മുന്നറിയിപ്പും രാജ്യത്ത് ഉയരുന്നുണ്ട്.