റിയാദ്: സൗദി അറേബ്യയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര കൂടുതൽ ചെലവേറും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ 14 ദിവസം ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് മെയ് 20 മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
സൗദി അറേബ്യ മെയ് 17 മുതൽ അന്താരാഷ്ട്ര യാത്രാനിരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിബന്ധനകൾ നിശ്ചയിച്ചത്. നിലവിൽ സൗദിയിലേക്ക് യാത്രനിരോധമുള്ള ഇന്ത്യയടക്കം 20 രാജ്യങ്ങൾ ഒഴികെ, മറ്റിടങ്ങളിൽ നിന്നുള്ള വിദേശികൾക്കാണ് സൗദിയിൽ പ്രവേശിക്കാൻ ഇൻസ്റ്റിറ്റിഷ്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തിയത്. ഫലത്തിൽ അത്തരം നിരോധനമില്ലാത്ത രാജ്യങ്ങൾ വഴി സൗദിയിലെത്തുന്ന ഇന്ത്യക്കാർക്കും ഈ നിബന്ധന ബാധകമാകും. 14 ദിവസം അത്തരം രാജ്യങ്ങളിൽ തങ്ങിയ ശേഷം യാത്ര ചെയ്യുന്നതോടെ ഇന്ത്യക്കാരും നിരോധനത്തിൽ നിന്നൊഴിവാകും.
ഈ സാഹചര്യത്തിൽ വിലക്കില്ലാത്ത മറ്റ് രാജ്യങ്ങളിൽ എത്തി 14 ദിവസം തങ്ങിയതിന് ശേഷമാണ് ഇന്ത്യക്കാർ സൗദിയിൽ എത്തുന്നത്. 14 ദിവസം മറ്റൊരു രാജ്യത്തും 14 ദിവസം ഹോട്ടലിലും കഴിയുന്നതോടെ സൗദി യാത്ര ഇന്ത്യക്കാർക്ക് പണചിലവേറിയതാവും.
നിലവിൽ സ്വദേശി പൗരന്മാർ, വാക്സിനേഷൻ പൂർത്തിയാക്കി. സ്വദേശികൾക്കൊപ്പം എത്തുന്ന വീട്ടു ജോലിക്കാർ, വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർ, ഓദ്യോഗിക നയതന്ത്ര ഉദ്യോഗസ്ഥർ, ഡിപ്ലോമാറ്റിക് വിസ കൈവശമുള്ളവർ, സൗദിയിൽ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്ന് ഇളവുണ്ട്.