വാഷിംഗ്ടൺ: ഇറാനിൽ നിന്ന് യെമനിലേക്ക് ആയുധങ്ങൾ കടത്തിയ കപ്പൽ പിടിച്ചെടുത്തതായി അമേരിക്കൻ സൈന്യത്തിന്റെ വെളിപ്പെടുത്തൽ. കപ്പലിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരക്കണക്കിന് അനധികൃത ചൈനീസ്, റഷ്യൻ ആയുധങ്ങൾ, സ്നിപ്പർ റൈഫിളുകൾ, ടാങ്ക് വിരുദ്ധ മിസൈലുകൾ എന്നിവയാണ് പിടികൂടിയത്.
അറബിക്കടലിൻ്റെ വടക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ഒരു ഓപ്പറേഷനിലാണ് ഒരു പായ്ക്കപ്പലിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി ബഹ്റൈൻ ആസ്ഥാനമായുള്ള യുഎസിൻറെ അഞ്ചാം കപ്പൽ പട അറിയിച്ചത്. പാകിസ്താനും ഒമാനും സമീപത്തുള്ള അറബിക്കടലിൻ്റെ വടക്കൻ ഭാഗങ്ങളിലായിരുന്നു പരിശോധന നടന്നത്.
യെമനിലെ ഹൂത്തി വിമതരുമായി ബന്ധിപ്പിക്കുന്നതാണ് ചരക്കെന്ന് അമേരിക്കൻ സൈനീകോദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ആയുധം കടത്തിയ കപ്പൽ ഇറാനിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.