സംസ്ഥാനത്ത് കൊറോണ പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം; മിക്ക ജില്ലകളിലും പരിശോധനകൾ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർധിച്ചതോടെ പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം. ഇതോടെ ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും കുറഞ്ഞു.

കേരളത്തില്‍ കൊറോണ പരിശോധനകളുടെ എണ്ണം കൂടാന്‍ തുടങ്ങിയത് ഏപ്രില്‍ മൂന്നാം വാരം മുതലാണ്. കൊറോണ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ സാഹചര്യത്തിലായിരുന്നു നടപടി. അതുവരെ മടിച്ച് നിന്നവരുള്‍പ്പെടെ മാസ് ടെസ്റ്റുകള്‍ക്കായി വരിനില്‍ക്കാന്‍ തുടങ്ങി.

ആര്‍ടിപിസിആര്‍ ഫലം വൈകിയതോടെ ആന്‍റിജന്‍ ടെസ്റ്റുകളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഇതോടെയാണ് ടെസ്റ്റ് കിറ്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയതെന്ന് വിവിധ ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ പറയുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 17000ത്തോളം ടെസ്റ്റുകള്‍ നടത്തിയതില്‍ 10000 വും സ്വകാര്യ ലാബുകളിലായിരുന്നു. രണ്ടാം തംരഗത്തിന്‍റെ തീവ്രത കുറയാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ ടെസ്റ്റുകളുടെ എണ്ണം കുറയുന്നത് കൊറോണ പ്രതിരോധത്തില്‍ വലിയ പ്രതിസന്ധിയാകും.

കോഴിക്കോട് ജില്ലയിലെ കഴിഞ്ഞ നാല് ദിവസത്തെ കണക്കുകളെടുത്താല്‍ കൊറോണ പരിശോധനകളുടെ എണ്ണം കുറയുന്നത് വ്യക്തമാകും. ഇക്കഴിഞ്ഞ വ്യാഴാഴ്ച 20778 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. 5700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വെളളിയാഴ്ച പരിശോധനയുടെ എണ്ണം 16008 ആയി കുറ‌ഞ്ഞു.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4200. ശനിയാഴ്ച പരിശോധനകളുടെ എണ്ണം വീണ്ടും കുറഞ്ഞ് 15120 ലെത്തി. ഇന്നലെയായിരുന്നു ഏറ്റവും കുറവ് പരിശോധന നടത്തിയത്. 13413 സാമ്പിളുകള്‍. ജില്ലയില്‍ ദിവസം 20000 ടെസ്റ്റുകള്‍ നടത്തുമെന്ന പ്രഖ്യാപനം നിലനില്‍ക്കെയാണ് എണ്ണത്തിലുളള ഈ കുറവ്.

ടെസ്റ്റ് കിറ്റുകള്‍ക്കുളള ക്ഷാമമാണ് പരിശോധനകളുടെ എണ്ണം കുറയാന്‍ കാരണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. 20000 ത്തോളം ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും കളക്ടര്‍ പറഞ്ഞു.