ഇതൊരു ദേശീയ അടിയന്തരാവസ്ഥാ സാഹചര്യമല്ലെങ്കിൽ മ‌റ്റെന്താണ്? ; ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാർ‌ എന്താണ് ചെയ്യുന്നത്?’ കൊറോണ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: കൊറോണ വ്യാപന പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധിയെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ വാദം ആരംഭിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ അതത് ഹൈക്കോടതികൾക്ക് കഴിയുമെന്ന് കേസ് പരിഗണിക്കവെ ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂ‌ഡ്, എൽ. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ കൊറോണ പ്രതിസന്ധി കാലത്ത് സുപ്രീംകോടതിയ്‌ക്ക് ഒന്നിലും ഇടപെടാതെ കാഴ്‌ചക്കാരായിരിക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു.

‘കൊറോണയിൽ നിന്ന് രക്ഷനേടാനുള‌ള മാർഗം വാക്‌സിൻ സ്വീകരിക്കുന്നതാണ്. ഒരു നിശ്ചിത അളവ് വാക്‌സിന് കേന്ദ്ര സർക്കാർ മരുന്ന് കമ്പനികളുമായി ചേർന്ന് വില നിശ്ചയിച്ചിട്ടുണ്ടെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. എന്നാൽ ചില വാക്‌സിൻ നിർമ്മാതാക്കൾ വ്യത്യസ്‌തമായ വില വാക്‌സിന് ഈടാക്കുന്നതായും കേൾക്കുന്നുണ്ട്.

മരുന്ന് നിർമ്മാണത്തിൽ കേന്ദ്ര സർക്കാരാണ് അവസാനവാക്ക്. ഇതൊരു ദേശീയ അടിയന്തരാവസ്ഥാ സാഹചര്യമല്ലെങ്കിൽ മ‌റ്റെന്താണ്? ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാർ‌ എന്താണ് ചെയ്യുന്നത്?’ കേസ് വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു.

രാജ്യത്ത് നിലവിൽ ഒരേ വാക്‌സിന് മൂന്ന് വില വരുന്ന സാഹചര്യമാണ്. സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന കൊവിഷീൽഡ് ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഇവ ഡോസ് ഒന്നിന് 600 രൂപയും ആണ് സിറം ഇൻസ്‌റ്റി‌റ്റ്യൂട്ട് നിശ്ചിയിച്ചിരിക്കുന്ന വില. എന്നാൽ ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയ്‌ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയും കയ‌റ്റുമതി ചെയ്യുന്നതിന് ഡോസിന് 20 ഡോളർ വരെയുമാണ് കമ്ബനീ ഈടാക്കുന്ന വില.

ഇത്തരത്തിൽ മൂന്ന് വില ഈടാക്കുന്ന നയത്തെയാണ് സുപ്രീംകോടതി ഇന്ന് ചോദ്യം ചെയ്‌തത്. വിവിധ സംസ്ഥാനങ്ങളിൽ കൊറോണ രോഗികൾ ആശുപത്രിയിൽ പ്രവേശനത്തിന് കഷ്‌ടപ്പെടുകയാണെന്ന് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ കോടതിയെ അറിയിച്ചു.

രാജ്യത്തെമ്പാടും കൊറോണ രോഗികൾക്ക് ആശുപത്രി പ്രവേശനത്തിന് പ്രത്യേക സംവിധാനം വേണം. അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ വിഷയത്തിൽ ഡെൽഹി, ഗുജറാത്ത് ഹൈക്കോടതികളിൽ കേസ് നിലവിലുണ്ടെന്ന് സോളിസി‌റ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.