കോട്ടയം: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനപള്ളിയിൽ കൊറോണ പ്രോട്ടോക്കോൾ പാലിച്ച് വിശുദ്ധ കുർബ്ബാന അർപ്പിച്ച വൈദികനെ പോലീസ് അധിക്ഷേധി പിച്ചതിൽ പ്രതിഷേധം ശക്തം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സെൻ്റ് മേരീസ് ഫൊറോനപള്ളിയിൽ അസിസ്റ്റൻ്റ് വികാരി സ്വകാര്യമായി വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു.
വിശ്വാസികൾക്ക് പ്രവേശനമില്ലാതെയായിരുന്നു കുർബാന. എന്നാൽ സ്ഥലത്തെത്തിയ പോലീസ് ഇത് മനസിലാക്കാൻ ശ്രമിക്കാതെ അകാരണമായി വൈദികനെ ആക്ഷേപിക്കുകയായിരുന്നു. പളളിയിലെത്തിയ ഏറ്റുമാനൂർ സിഐ കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തത് വിശ്വാസികളെ ഏറെ മുറിപ്പെടുത്തി.
ബലി അർപ്പണമെന്ന പുരോഹിതൻ്റെ അവകാശത്തിൻ മേലുള്ള കടന്നുകയറ്റമായിരുന്നു പോലീസ് നടപടി. കൊറോണ ചട്ടംപാലിച്ച് കുർബാന അർപ്പിച്ച വൈദികനോട് പോലീസ് അധികാര ദുർവിനിയോഗം കാട്ടിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കൊറോണ പ്രോട്ടോക്കോളിൻ്റെ മറവിൽ വൈദികരെയും വിശ്വാസത്തെയും കരിവാരി തേക്കാനാണ് ശ്രമമുണ്ടായതെന്ന് ഇടവകക്കാർ കുറ്റപ്പെടുത്തുന്നു.
കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് ബിവറേജസ് ഔട്ട് ലെറ്റുകൾക്കും ബാറുകൾക്കും മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ മദ്യപാനികളുടെ വൻ ആൾക്കൂട്ടമുണ്ടായപ്പോൾ നിയന്ത്രിക്കാൻ യാതൊരു നടപടിയുമെടുക്കാതെ കണ്ണടച്ച പോലീസാണ് സ്വകാര്യമായി ബലി അർപ്പിച്ച വൈദികനെ മഹാ അപരാധിയോടെന്ന പോലെ സ്റ്റേഷനിൽ വിളിച്ച് താക്കീത് ചെയ്ത് അധിക്ഷേപിച്ചത്. പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാതെ ആരാധനാലയങ്ങളിൽ കടന്നു കയറി ധിക്കാരപരമായി പെരുമാറുന്ന പോലീസിൻ്റെ ധാർഷ്ട്യം അവസാനിപ്പിക്കേണ്ടതാണെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്.
നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്തുമ്പോൾ തന്നെ പോലീസിൻ്റെ ഭാഗത്തു നിന്ന് ഇത്തരം അവഹേളനാപരമായ പെരുമാറ്റം ഇനി ഉണ്ടാകാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഫൊറോന വികാരി ഫാ.ജോസഫ് മുണ്ടകത്തിൽ ആവശ്യപ്പെട്ടു. വിശ്വാസികളെ മുറിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ ഇനി പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് ഏറ്റുമാനൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.പ്രിൻസ് ലൂക്കോസും ആവശ്യപ്പെട്ടു.