വാഷിംഗ്ടൺ: കോളിളക്കം സൃഷ്ടിച്ച കറുത്തവർഗക്കാരനായജോര്ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതി മുന്‍ പോലീസ് ഉദ്യോഗസ്ഥന് ഡെറിക് ഷോവിന് കോടതി ജൂണില്‍ ശിക്ഷ വിധിക്കും. ഡെറിക് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഡെറിക് ഷോവിനുള്ള ശിക്ഷ ജൂണ്‍ 16ന് വിധിക്കുമെന്ന് ഹെന്‍പിന്‍ കൗണ്ടി ഡിസ്ട്രിക്ട് കോടതി പറഞ്ഞു.
2020 മേയ് 25നു വൈകുന്നേരം മിന്നസോട്ട സംസ്ഥാനത്തെ മിനിയാപോളീസ് നഗരത്തിൽ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡ്(46) കൊല്ലപ്പെട്ടത്. ഇവിടുത്തെ ഒരു കടയിൽ സിഗരറ്റ് വാങ്ങി നല്കിയ 20 ഡോളർ നോട്ട് വ്യാജമാണെന്നു സംശയിച്ച് കടക്കാരൻ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
കീഴടക്കാനുള്ള ശ്രമത്തിനിടെ ഡെറിക് ഷോവിൻ ഫ്ലോയ്ഡിനെ റോഡിൽ കമിഴ്ത്തിക്കിടത്തി കഴുത്തിൽ മുട്ടുകുത്തിനിന്നത് ഒന്‍പതു മിനിറ്റിലധികമാണ്.
ശ്വാസം മുട്ടുന്നതായി ഫ്ലോയ്ഡ് ആവർത്തിച്ചുകൊണ്ടിരുന്നു. ദൃക്സാക്ഷികൾ അദ്ദേഹത്തെ വിടാൻ അപേക്ഷിച്ചെങ്കിലും ഷോവിൻ ചെവിക്കൊണ്ടില്ല. ആംബുലൻസ് എത്തിയപ്പോഴേക്കും ഫ്ലോയ്ഡ് നിശ്ചലനായിരുന്നു. ഒരു മണിക്കൂറിനുശേഷം അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.